Tuesday, November 26, 2024

വെടിനിര്‍ത്തല്‍ ചര്‍ച്ച ഇസ്രായേലിന്റെ ചില ആവശ്യങ്ങളില്‍ ഉടക്കിനില്‍ക്കുന്നതായി റിപ്പോര്‍ട്ട്

വെടിനിര്‍ത്തല്‍ ചര്‍ച്ച ഇസ്രായേലിന്റെ ചില ആവശ്യങ്ങളില്‍ ഉടക്കിനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇറ്റലിയിലെ റോമിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഗാസ-ഈജിപ്ത് അതിര്‍ത്തിയിലുള്ള ഫിലാഡല്‍ഫി ഇടനാഴി എന്നറിയപ്പെടുന്ന സ്ഥലത്തും ഗാസയുടെ തെക്കും വടക്കും വേര്‍തിരിക്കുന്ന ഹൈവേയിലും സൈന്യത്തെ നിലനിര്‍ത്തണമെന്ന ഇസ്രായേല്‍ ആവശ്യമാണ് ചര്‍ച്ച മുടക്കി നിര്‍ത്തുന്നത്.

വെടിനിര്‍ത്തല്‍ നടന്നാലും ഈ ഭാഗത്തുനിന്ന് പിന്മാറില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. ഭാവിയില്‍ ഹമാസ് ആയുധങ്ങള്‍ കടത്തുന്നതും തുരങ്കങ്ങള്‍ നിര്‍മിക്കുന്നതും നിരീക്ഷിക്കാന്‍ സെന്‍സറുകള്‍ സ്ഥാപിക്കുകയാണ് ഇസ്രായേല്‍ പദ്ധതിയെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട രഹസ്യ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇതേക്കുറിച്ച് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

ഗാസയില്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ മേയ് ആദ്യമാണ് ഈജിപ്തിനും ഗാസക്കുമിടയിലുള്ള ഫിലാഡല്‍ഫി ഇടനാഴിയുടെ നിയന്ത്രണം ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തത്. ഫിലാഡല്‍ഫി ഇടനാഴിയെയും റഫ വീണ്ടും തുറക്കുന്നതിനെയും കുറിച്ച് ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ഇസ്രായേലുമായി ഭിന്നത നിലനില്‍ക്കുകയാണെന്നും ഈജിപ്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Latest News