Wednesday, November 27, 2024

പെഗാസസ് ചാര സോഫ്റ്റ്വെയര്‍ വാങ്ങിയിട്ടുണ്ടോയെന്ന് അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

പെഗാസസ് ഇടപാടില്‍ സംസ്ഥാന ഡിജിപിമാരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി നിയോഗിച്ച സമിതി. സംസ്ഥാനങ്ങള്‍ക്കും പെഗാസസ് ലഭ്യമായിട്ടുണ്ടോ എന്ന വിഷയത്തില്‍ ആണ് പരിശോധന. വാങ്ങിയിട്ടുണ്ടെങ്കില്‍ തീയതി, ലൈസന്‍സ്, തരം എന്നിവ വെളിപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബറില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു.

ഏപ്രില്‍ മൂന്നാം വാരമാണ് സംസ്ഥാന പോലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കിയത്. ഇന്റലിജന്‍സ് ഏജന്‍സികളോ, മറ്റ് ഏതേങ്കിലും ഏജന്‍സികളോ പൗരന്മാരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം. പെഗാസസ് സോഫ്റ്റ്വെയര്‍ സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ വാങ്ങിയിട്ടുണ്ടെങ്കില്‍ എന്നാണ് വാങ്ങിയതെന്ന് അറിയിക്കണം. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആര് അനുമതി നല്‍കിയെന്ന് അറിയിക്കാനും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എന്താണ് പെഗാസസ്

2009-ല്‍ സ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച ചാരസോഫ്റ്റ്വേറാണ് പെഗാസസ്. ഗ്രീക്ക് പുരാണത്തിലെ പറക്കുംകുതിര പെഗാസസിന്റെ പേരാണിതിന്. ഉപയോക്താക്കളെ വഴിതെറ്റിച്ച് സ്മാര്‍ട്ട്‌ഫോണുകളിലും കംപ്യൂട്ടറുകളിലും കടന്നുകൂടി വിവരം ചോര്‍ത്തുന്ന ചാര സോഫ്റ്റ്വേര്‍. ‘പെഗാസസി’നെ ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും കടത്തിവിട്ട് സന്ദേശങ്ങള്‍, ഫോട്ടോകള്‍, ഇ-മെയിലുകള്‍ എന്നിവ ചോര്‍ത്താന്‍ കഴിയും. കുറ്റവാളികളെയും ഭീകരരെയും നിരീക്ഷിക്കാന്‍മാത്രമായുണ്ടാക്കിയതാണ് ഈ സോഫ്റ്റ്വേര്‍ എന്നാണ് എന്‍എസ്ഒ അവകാശവാദം.

ലക്ഷ്യമിടുന്നവരുടെ മൊബൈലുകളിലേക്ക് എസ്എംഎസ് വഴിയാണ് പെഗാസസ് കൂടുതലായും കടന്നുകയറുന്നത്. ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ ചാര സോഫ്റ്റ്വെയര്‍ ഫോണില്‍ ഇടംപിടിക്കും. മുഴുവന്‍ വിവരവും ഏജന്‍സിക്ക് ലഭ്യമാകും. ക്യാമറ, മൈക്രോഫോണ്‍ എന്നിവയിലും നുഴഞ്ഞുകയറും. വാട്‌സാപ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങി നുഴഞ്ഞുകയറ്റം ബുദ്ധിമുട്ടായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പുകളിലെ വിവരങ്ങളടക്കം പെഗാസസ് ചോര്‍ത്തും. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താല്‍ സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെങ്കിലും സ്വിച്ച്ഓണ്‍ ചെയ്യുമ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഫോണുകളിലെ കോളുകള്‍ റെക്കോഡ് ചെയ്യാനും മൈക്രോഫോണുകളും ക്യാമറകളും ഉപയോക്താവറിയാതെ പ്രവര്‍ത്തിപ്പിക്കാനും സാധിക്കും. ഫോണ്‍ ഉപേക്ഷിക്കല്‍ മാത്രമാണ് രക്ഷപ്പെടാന്‍ ഏകമാര്‍ഗം.

ടൊറന്റോ സര്‍വകലാശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ നിരീക്ഷണ ഗവേഷണ സംഘടന ‘സിറ്റിസണ്‍ ലാബ്’ ആണ് 2019ല്‍ പെഗാസസ് ചോര്‍ത്തല്‍ ആദ്യം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന്, വാട്‌സാപ് എന്‍എസ്ഒയ്ക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങി. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ടെക്‌നിക്കല്‍ ലാബും ഫ്രാന്‍സിലെ മാധ്യമഗ്രൂപ്പായ ‘ഫോര്‍ബിഡന്‍ സ്റ്റോറീസു’മാണ് ഇപ്പോഴത്തെ ഗവേഷണ വെളിപ്പെടുത്തലിന് പിന്നില്‍.

വാങ്ങുന്നവര്‍

സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മാത്രമാണ് പെഗാസസ് നല്‍കാറുള്ളുവെന്നാണ് എന്‍എസ്ഒ പറയുന്നത്. മനുഷ്യാവകാശസംരക്ഷണത്തില്‍ മികച്ച റെക്കോഡുള്ള രാജ്യങ്ങളിലെ സൈന്യം, നിയമനിര്‍വഹണ -രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയ്ക്കാണ് പെഗാസസ് വില്‍ക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളാണ് ഉപയോക്താക്കളില്‍ 51 ശതമാനവും. ആര്‍ക്കൊക്കെ വില്‍പന നടത്തിയിട്ടുണ്ടെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വിറ്റുകഴിഞ്ഞാല്‍ പെഗാസസിന്റെ കാര്യങ്ങള്‍ നോക്കുന്നത് വാങ്ങുന്ന സര്‍ക്കാരുകളും സര്‍ക്കാര്‍ ഏജന്‍സികളുമായിരിക്കും. എന്‍എസ്ഒ അതില്‍ ഇടപെടില്ല. ‘ഉപയോഗം എന്‍എസ്ഒയ്ക്ക് ദൃശ്യമാകില്ല. ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാറുമില്ല’ എന്നാണ് കമ്പനിയുടെ അവകാശവാദം. പെഗാസസ് വില്‍ക്കുക എന്നുവെച്ചാല്‍ വാങ്ങുന്നവര്‍ക്ക് ഈ ചാര സോഫ്റ്റ്വേര്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് നല്‍കുക എന്നാണ് അര്‍ഥം. എത്രകാലത്തേക്കാണ് ലൈസന്‍സ് എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ വില.

 

Latest News