യുക്രൈന്റെ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡൊനെറ്റ്സ്ക് മേഖലയിലും ഖാര്‍കീവിലുമുണ്ടായ ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റേഡിയോ സ്വബോദയുടെ ജേണലിസ്റ്റായ വെരാ ഗിരിച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് മിസൈല്‍ പതിക്കുകയായിരുന്നു.
അതേസമയം യുഎന്‍ സെക്രട്ടറി ജനറലിന്റെ സന്ദര്‍ശനത്തിനിടെ കീവില്‍ സ്ഫോടനം നടത്തിയതിലൂടെ റഷ്യ ഐക്യരാഷ്ട്ര സംഘടനയെ അപമാനിച്ചെന്ന് യുക്രൈന് പറഞ്ഞിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും വ്ളാഡിമിര്‍ സെലന്‍സ്കിയും കൂടിക്കാഴ്ച നടക്കുന്നതിനിടയിലാണ് കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സ്ഫോടനമുണ്ടായത്. നിലവില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള മരിയൂപോളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്ന കാര്യമാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തത്. മരിയൂപോളിലെ അസോവ്സ്തല്‍ ഉരുക്കുനിര്‍മാണശാലയില്‍ 2000 യുക്രയ്ന് സൈനികരും ആയിരത്തോളം സാധാരണക്കാരും കുടുങ്ങിയിട്ടുണ്ട്. കീവില്‍ കൂടാതെ ചെര്‍ണിഹിവ്, ഫസ്റ്റീവ് എന്നിവിടങ്ങളിലും സ്ഫോടനമുണ്ടായി.
ഇതിനിടെ യുക്രൈയ്ന്റെ കിഴക്കന്‍ മേഖലകളില്‍ സൈനിക നടപടി റഷ്യ വേഗത്തിലാക്കി. ഡോണെട്സ്കിലും ഖര്കിവിലുമുണ്ടായ ബോംബ് ആക്രമണങ്ങളില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ഇതുവരെ 23,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രയ്ന് പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ 986 ടാങ്കും 2418 കവചിത വാഹനവും 435 പീരങ്കിയും 189 വിമാനവും എട്ട് കപ്പലും 155 ഹെലികോപ്റ്ററും തകര്‍ത്തെന്നാണ് അവകാശവാദം.
റഷ്യയുടെ യുക്രൈന് അധിനിവേശം തുടരുന്നതിനിടെ യുക്രൈന് പ്രസിഡന്റ് സെലെന്‍സ്കിയും റഷ്യന്‍ പ്രസിഡന്റ് പുടിനും നവംബറില്‍ നടക്കുന്ന ജി -20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചുവെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് അറിയിച്ചു.