പാരീസിലെ ഒളിമ്പിക്സ് മത്സരങ്ങളോടനുബന്ധിച്ച്, നോത്രഡാം കത്തീഡ്രലിനു മുന്നിലുള്ള ചത്വരത്തിൽ അഞ്ചു മതങ്ങളുടെ പ്രതിനിധികളും അംഗങ്ങളും ചേർന്ന് മതാന്തരസമ്മേളനം നടത്തി. നൂറു വർഷങ്ങൾക്കു ശേഷമാണ് സാഹോദര്യത്തിന്റെയും സമഭാവനയുടെയും മൂല്യങ്ങൾ ഉയർത്തിക്കാട്ടി ഇത്തരത്തിലൊരു സമ്മേളനം നടക്കുന്നത്.
ആഗസ്റ്റ് നാലിന് ഫ്രഞ്ച് സമയം രാവിലെ പത്തുമണിക്ക് ചത്വരത്തിൽ വിവിധ മതങ്ങളുടെ പ്രതിനിധികൾ എത്തിച്ചേരുകയും കായികമത്സരങ്ങൾക്ക്, മനുഷ്യരാശിക്കു സംഭാവന ചെയ്യാൻ കഴിയുന്ന വിവിധ നന്മകളെക്കുറിച്ച് ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഫ്രാൻസിലെ പ്രൊട്ടസ്റ്റന്റ് ഫെഡറേഷന്റെ പ്രസിഡന്റ് ക്രിസ്റ്റ്യൻ ക്രീഗർ, ഓർത്തഡോക്സ് വിശ്വാസത്തിന്റെ പ്രതിനിധി ആന്റൺ ഗെല്യാസോവ്, പാരീസിലെ സഹായമെത്രാനായ മോൺസിഞ്ഞോർ ഫിലിപ്പ് മാർസെറ്റ് എന്നിവരാണ് ക്രൈസ്തവമതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവർ. ഇവരെ കൂടാതെ, ഇസ്ലാം, ജൂത, ബുദ്ധ, ഹിന്ദുമതങ്ങളിൽ നിന്നുള്ള നാല് പ്രതിനിധികളും പങ്കെടുത്തു. സാർവത്രികമായ സാഹോദര്യത്തിന്റെ കേന്ദ്രമെന്ന നിലയിൽ നോത്രഡാം കത്തീഡ്രൽ തിരഞ്ഞെടുത്തതും സമ്മേളനത്തിന്റെ മാറ്റുകൂട്ടുന്നതായിരുന്നു.
1924 ജൂലൈ അഞ്ചിന് പാരീസിൽ നടന്ന ഒളിമ്പിക്സ് അവസരത്തിലാണ് ആദ്യമായി ഇപ്രകാരമൊരു മതസൗഹാർദ സമ്മേളനം സംഘടിപ്പിച്ചത്. മിക്കവാറും എല്ലാ കായികതാരങ്ങളെയും ഒരുമിപ്പിച്ചുകൊണ്ടു നടത്തിയ 1924-ലെ ഈ ചടങ്ങിനെ മാധ്യമങ്ങൾ ഏറെ പ്രശംസിച്ചതും ചരിത്രസത്യമാണ്.
കടപ്പാട്: വത്തിക്കാൻ ന്യൂസ്