Monday, November 25, 2024

കേരള കത്തോലിക്കാ സഭയുടെ ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍പ്രതിനിധികളുമായി ചര്‍ച്ച നടത്തി

കേരള കത്തോലിക്കാ സഭ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നടപ്പിലാക്കുന്ന പുരനധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആവശ്യമായ ആലോചനകളും ചര്‍ച്ചകളും നടത്തുന്നതിനായി കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ദുരന്തനിവാരണ സമിതിയംഗങ്ങള്‍ ഉരുള്‍പൊട്ടല്‍ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സന്നദ്ധപ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി.

ഉരുള്‍പൊട്ടലില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സമീപ്രപദേശത്തെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുകയും ചെയ്തു. ദുരിതബാധിത പ്രദേശങ്ങളില്‍ താമസിച്ചിരുന്നവര്‍ താല്‍ക്കാലികമായി വസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു.

മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ റവന്യു മന്ത്രി കെ. രാജന്‍, വനം മന്ത്രി എ. കെ. ശശീന്ദ്രന്‍, പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്, ടി. സിദ്ദിഖ് എം. എല്‍. എ., കളക്ടര്‍ ഡി. ആര്‍. മേഖശ്രീ, മുണ്ടക്കൈ ദുരന്തം സ്‌പെഷ്യല്‍ ഓഫീസര്‍ ശ്രീറാം സാംബശിവറാവു എന്നിവരുമായി സമിതിയംഗങ്ങള്‍ ചര്‍ച്ച നടത്തി.

കേരള കത്തോലിക്കാ സഭ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന 100 ഭവനങ്ങളുടെ നിര്‍മ്മാണം, ഗൃഹോപകരണങ്ങളും ജീവനോപാധികളും ലഭ്യമാക്കല്‍, മാനസികാരോഗ്യം വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ തുടര്‍നടപടികളെക്കുറിച്ചും സുസ്ഥിര പുനരധിവാസം പൂര്‍ത്തിയാകുംവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നു മാറ്റി താല്‍ക്കാലിക വാസസ്ഥലങ്ങളില്‍ താമസിപ്പിക്കുന്നതിനെക്കുറിച്ച് സംഘം സര്‍ക്കാര്‍പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറ്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കെ. സി. ബി. സി. യുടെ ദുരന്ത പുനരധിവാസ കമ്മിറ്റി അംഗങ്ങളായ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ എന്നിവരാണ് സന്ദര്‍ശകസംഘത്തിലുള്ളത്. സമിതിയംഗങ്ങളോടൊപ്പം ഡബ്ല്യു. എസ്. എസ്. എസ്. ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, ശ്രേയസ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലുങ്കല്‍, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, പെരിക്കല്ലൂര്‍ പള്ളിവികാരി ഫാ. ജോര്‍ജ് കപ്പുകാലാ എന്നിവരും ദുരന്തഭൂമി സന്ദര്‍ശിച്ചു.

കെ. സി. ബി. സി. യുടെ ദുരന്ത പുനരധിവാസ കമ്മിറ്റിയംഗങ്ങള്‍ രൂപത സാമൂഹ്യസേവന വിഭാഗം ഡയറക്ടര്‍മാരോടുചേര്‍ന്ന് ചര്‍ച്ചകളും പ്രവര്‍ത്തനമാര്‍ഗരേഖാ രൂപീകരണവും നടത്തി അന്തിമറിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. പഠനസംഘം ഇന്ന് കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശവും സന്ദര്‍ശിക്കും.

ഫാ. ജേക്കബ് മാവുങ്കല്‍

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം

 

Latest News