Tuesday, November 26, 2024

മദ്യനയത്തില്‍ വെള്ളം ചേര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ ഒരിക്കലും നീതീകരിക്കാനാകില്ല: സീറോമലബാര്‍ സഭ അത്മായ ഫോറം

സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ ഉപാധികളോടെ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ മദ്യനയത്തിന്റെ കരടിലുള്ള നിര്‍ദേശം കേരളത്തിലെ ‘ഡ്രൈ ഡേ’ പ്രഖ്യാപനങ്ങളെ കാറ്റില്‍പ്പറത്തുന്ന നടപടികളാണ് . 2016 മുതല്‍ കേരളത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലാണ്. അന്നുമുതല്‍ കര്‍ശനമായ മദ്യനയത്തില്‍ വെള്ളംചേര്‍ത്തു തുടങ്ങിയിരുന്നു. മദ്യനയത്തില്‍ വെള്ളംചേര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ ഒരിക്കലും നീതീകരിക്കാനാകില്ല.

സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ ഉപാധികളോടെ മാറ്റം വരുത്തി പുതിയ മദ്യനയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിന്റെ വിശദാംശങ്ങള്‍ ‘ഡ്രൈ ഡേ’യിലും മദ്യപിക്കാം എന്ന സന്ദേശമാണ് പൊതുജനത്തിനു നല്‍കുന്നത്. പിന്നെ എന്തിനാണ് ഈ ‘ഡ്രൈ ഡേ’ പ്രഹസനങ്ങള്‍? സര്‍ക്കാര്‍തന്നെ ഒരുമാസം ഒന്നെന്ന കണക്കില്‍ മുക്കിനുമുക്കിന് ബാറുകള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു.

ടൂറിസം പ്രോത്സാഹനമെന്ന തൊടുന്യായവും മദ്യം വിറ്റുകിട്ടുന്ന പണത്തിന്റെ ഒരു വിഹിതം ലഹരിനിര്‍മാര്‍ജനത്തിനായി ചെലവിടുന്നെന്നുള്ള സര്‍ക്കാര്‍ ഉദാരതയും സാധാരണക്കാരന്റെ കണ്ണുകളില്‍ പൊടിയിടുന്ന സൂത്രങ്ങളാണ്. ഡ്രൈ ഡേ പിന്‍വലിക്കാനുള്ള നീക്കമുള്‍പ്പെടെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് മദ്യമുതലാളിമാരെ സഹായിക്കാനല്ലാതെ പിന്നെ നാടിന്റെ നന്മ ആഗ്രഹിച്ചാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

കേരളത്തിലെ ഒന്നാം തീയതി ഡ്രൈ ഡേ സംബന്ധിച്ച ഉത്തരവ് ആദ്യമായി പുറത്തിറങ്ങിയത് 2003 മാര്‍ച്ച് 14-നാണ്. രണ്ടാഴ്ച കഴിഞ്ഞ് 2003 ഏപ്രില്‍ ഒന്നു മുതല്‍ അത് പ്രാബല്യത്തിലും വന്നു. ശമ്പളദിനമായ ഒന്നാം തീയതി മദ്യശാലകള്‍ തുറക്കുന്നതുകാരണം വീടുകളിലെത്തേണ്ട വരുമാനത്തിന്‍ന്റെ നല്ലൊരു ശതമാനവും മദ്യശാലകളിലേക്കു പോകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം. അതായത്, കഴിഞ്ഞ 21 വര്‍ഷമായി ഒരു വര്‍ഷം 12 ദിവസം എന്ന കണക്കില്‍ 252 ദിവസം കേരളത്തില്‍ മദ്യം വിറ്റില്ല.

ചില സര്‍ക്കാര്‍ വകുപ്പുകളുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള ഇത്തരം നിലപാടുകള്‍ പാവപ്പെട്ട കുടുംബങ്ങളെ കണ്ണീരിലാഴ്ത്തും. എങ്ങിനെയും വരുമാനമാണ് ലക്ഷ്യം എന്ന ലഹരി ഇടതുസര്‍ക്കാരിന്റെ തലയ്ക്കുപിടിച്ചിരിക്കുന്നു. മദ്യലഹരിയോടു താല്പര്യമുള്ള സാധാരണജനങ്ങളുടെ പോക്കറ്റിലാണ് സര്‍ക്കാര്‍ കൈയിട്ടുവാരുന്നതെന്ന് ഓര്‍മ്മിക്കണം. മദ്യത്തിനു വിലകൂട്ടിയാല്‍ ആരും ചോദിക്കില്ലല്ലോ. ചോദിച്ചാല്‍, വില കൂട്ടുന്നതുവഴി മദ്യപാനം കുറയുമല്ലോ എന്ന് സര്‍ക്കാര്‍ നിഷ്‌കളങ്കമായി മറുപടി പറയും.

മറഞ്ഞിരുന്ന് മരണത്തിന്റെ വ്യാപാരികളായി ജനക്ഷേമ സര്‍ക്കാര്‍ എന്ന് സ്വയം വിളിക്കുന്ന ഈ സര്‍ക്കാര്‍തന്നെ മദ്യവില്പന നടത്തുന്നത് കേരള കാലഘട്ടം നേരിടുന്ന വലിയ വെല്ലുവിളിയാണ്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സമൂഹത്തില്‍ അപകടകരമായ മദ്യ ഉപഭോഗവും ലഹരി അടിമത്തവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് അങ്ങോളമിങ്ങോളം അടിക്കടി ഇത്രയധികം ദുരന്തങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തില്‍ ഇപ്പോള്‍ കാണിക്കുന്ന നിസംഗതാമനോഭാവം ഇനിയെങ്കിലും വെടിയണം. ഡ്രൈ ഡേ എപ്പോഴും ഡ്രൈ ഡേ ആയി തുടരട്ടെ. ഡ്രൈ ഡേയിലെ മദ്യവിതരണത്തില്‍ ഉപാധികളോടെ മാറ്റം വരുത്താനുള്ള മദ്യനയത്തിന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കരുതെന്ന് സീറോമലബാര്‍ സഭ അത്മായ ഫോറം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ടോണി ചിറ്റിലപ്പിള്ളി

അത്മായ ഫോറം സെക്രട്ടറി, സീറോമലബാര്‍ സഭ, എറണാകുളം

 

Latest News