Saturday, April 5, 2025

സുഡാനില്‍ ആളുകള്‍ പട്ടിണി കിടന്ന് മരിക്കുന്നു

സുഡാനില്‍ ക്ഷാമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കടുത്ത പട്ടിണി വ്യാപകമാവുകയും രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഔദ്യോഗികപ്രഖ്യാപനം. ക്ഷാമം പ്രഖ്യാപിക്കപ്പെടണമെങ്കില്‍, ഒരു പ്രദേശത്തെ ജനസംഖ്യയുടെ 20% എങ്കിലും കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കണം. ഇന്ന് ആഫ്രിക്കയില്‍ ആളുകള്‍ പട്ടിണി കിടന്ന് മരിക്കുകയാണ്.

2023 ഏപ്രില്‍ മുതല്‍, സൈനിക ഗവണ്‍മെന്റിന്റെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം കര്‍ഷകരെ കൃഷിയില്‍ നിന്നും ഭക്ഷ്യസഹായം രാജ്യത്തേക്ക് ലഭിക്കുന്നതില്‍ നിന്നും തടഞ്ഞു. ക്ഷാമ പ്രഖ്യാപനം ലോകത്തില്‍ നടക്കുക വളരെ വിരളമായി ആണ്. സുഡാനില്‍ 30% കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്നും ഓരോ 10,000-ല്‍ രണ്ടുപേര്‍ ദിവസവും പട്ടിണി അല്ലെങ്കില്‍ പോഷകാഹാരക്കുറവ്, രോഗം എന്നിവയാല്‍ മരിക്കുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.

സുഡാന്‍ പട്ടിണി ഭീഷണിയിലാണെന്ന് മാസങ്ങളായി മാനുഷിക ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ട് മാസം മുമ്പ്, ഐപിസി, ഒരു ഡസനിലധികം യുഎന്‍ ഏജന്‍സികള്‍, പ്രാദേശിക സ്ഥാപനങ്ങള്‍, ഭക്ഷ്യ സുരക്ഷ, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട സഹായ ഗ്രൂപ്പുകള്‍, സുഡാന്‍ ഐപിസി ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് വെളിപ്പെടുത്തി.

ഗ്രേറ്റര്‍ ഡാര്‍ഫര്‍, സൗത്ത്, നോര്‍ത്ത് കോര്‍ഡോഫാന്‍, ബ്ലൂ നൈല്‍, അല്‍ ജാസിറ, ഖാര്‍ത്തൂം എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലായി 755,000 ആളുകള്‍ ക്ഷാമം അഭിമുഖീകരിക്കുകയാണ്. അതുപോലെ, എട്ടര ദശലക്ഷം ആളുകള്‍ അതായത് ജനസംഖ്യയുടെ 18 ശതമാനം ‘അടിയന്തരാവസ്ഥ’ നേരിടുകയാണ്. സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള ആഭ്യന്തരയുദ്ധം, ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകള്‍ വിട്ട് പലായനം ചെയ്യുന്നതിലേക്ക് നയിച്ചു.

 

Latest News