Sunday, November 24, 2024

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍; ലോകത്തെ നയിച്ച ധീര വ്യക്തിത്വം

ലോകം കണ്ട വ്യക്തിപ്രഭാവമാര്‍ന്ന രാഷ്ട്രതന്ത്രജ്ഞരില്‍ പ്രധാനിയായ സര്‍ വിന്‍സ്റ്റണ്‍ ലിയോനാര്‍ഡ് സ്പെന്‍സര്‍ ചര്‍ച്ചില്‍ 1874 നവംബര്‍ 30 ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറില്‍ ജനിച്ചു. തലമുറകളായി അദ്ദേഹത്തിന്റെ കുടുംബ വീടായിരുന്ന ബ്ലെന്‍ഹൈം കൊട്ടാരത്തിലാണ് അദ്ദേഹം പിറന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും സൈനികരുടെയും കുടുംബമായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ് ലോര്‍ഡ് റാന്‍ഡോള്‍ഫ് ചര്‍ച്ചിലും മുത്തച്ഛന്‍ ജോണ്‍ സ്പെന്‍സര്‍ ചര്‍ച്ചിലും പാര്‍ലമെന്റ് അംഗങ്ങളായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ജെന്നി ജെറോം ഒരു സമ്പന്ന അമേരിക്കന്‍ കുടുംബത്തില്‍ നിന്നുള്ള സ്ത്രീയായിരുന്നു.

പോരാട്ടവീര്യത്തിലൂടെ കൈവരിച്ച നേട്ടങ്ങള്‍

സ്‌കൂള്‍ കാലഘട്ടത്തില്‍ തികഞ്ഞ പരാജയമായിരുന്ന ചര്‍ച്ചിലിനെ സ്വന്തം പിതാവു പോലും കഴിവില്ലാത്തവനായി മുദ്ര കുത്തിയിരുന്നു. പിന്നീട് ഓരോ പടിയും തളരാത്ത പോരാട്ടവീര്യത്തോടെ ചര്‍ച്ചില്‍ ചവിട്ടി കയറുകയായിരുന്നു. ബ്രിട്ടീഷ് രാഷ്ട്രീയ നേതാവും, സൈനികോദ്യോഗസ്ഥനും, എഴുത്തുകാരനുമായിത്തീര്‍ന്നു വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍. 1893 ല്‍ റോയല്‍ മിലിട്ടറി അക്കാഡമിയില്‍ പ്രവേശനം ലഭിച്ചു. 1895 ല്‍ സൈന്യത്തില്‍ അംഗമായി. 1899-ല്‍ ദക്ഷിണാഫ്രിക്കയിലെത്തി മോര്‍ണിംഗ് പോസ്റ്റ് പത്രറിപ്പോര്‍ട്ടറായി.

പിന്നീട് ലണ്ടനില്‍ തിരിച്ചെത്തിയ അദ്ദേഹം ഓള്‍ഡാം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തുകയും 1906-ല്‍ ഉപപ്രധാനമന്ത്രിയാവുകയും ചെയ്തു. 1908 ല്‍ അദ്ദേഹം ക്ലെമന്റൈന്‍ ഹോസിയറുമായി വിവാഹിതനായി. 1921-ല്‍ കോളനികളുടെ ചുമതലയുള്ള സെക്രട്ടറിയായി ഉയര്‍ത്തപ്പെട്ടു. 1940 മുതല്‍ 1945 വരെയും 1951 മുതല്‍ 1955 വരെയും ഗ്രേറ്റ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ചതും പ്രധാനമന്ത്രിയായിരുന്ന സര്‍. വിന്‍സ്റ്റണ്‍ ചര്‍ച്ചിലാണ്.

തീക്ഷ്ണതയുള്ള വാക്കുകളും പ്രസംഗങ്ങളും

ചെറുപ്പത്തില്‍ സംസാര തടസവും എസ് എന്ന അക്ഷരം ഉച്ചരിക്കാന്‍ കഴിയാതിരുന്നതുമായ വ്യക്തിയാണ് സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍. പക്ഷേ ചര്‍ച്ചിലിന്റെ മൂര്‍ച്ചയേറിയ വാക്കുകളും പ്രസംഗങ്ങളും വളരെ പ്രശസ്തമാണ്. 1940 മെയ് 13-ന് പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ വിഖ്യാത പ്രസംഗമാണ് ‘രക്തവും കണ്ണീരും വിയര്‍പ്പും കഠിനാധ്വാനവുമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കുതരാന്‍ എനിക്കില്ല’ എന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായിരുന്നു അദ്ദേഹം. സോവിയറ്റ് യൂണിയനെപ്പറ്റി ‘ഇരുമ്പുമറ (കൃീി ഈൃമേശി)’ എന്ന പ്രയോഗം നടത്തിയത് ചര്‍ച്ചിലാണ്.

‘വിജയം അന്തിമമല്ല, പരാജയം ദുരന്തവുമല്ല മുന്നേറാനുള്ള ധൈര്യമാണ് പ്രധാനം’. ചര്‍ച്ചിലിന്റെ ഒരിക്കലും മരിക്കാത്ത വാക്കുകളില്‍ ഒന്നാണിത്. ‘വിജയത്തിന് വേണ്ടത് തുടര്‍ച്ചയായ പരിശ്രമമാണ്. ശക്തിയോ ബുദ്ധിശക്തിയോ അല്ല’ എന്ന തന്റെ വാചകത്തെ അദ്ദേഹം തന്റെ ജീവിതത്തിലൂടെയും തെളിയിച്ചു. യുകെയിലെ ലോവര്‍ ഹൗസില്‍ കസേര ഉറപ്പിച്ച ചര്‍ച്ചില്‍ ആദ്യം നടത്തിയ പ്രസംഗം വലിയ തോതില്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. യുദ്ധക്കെടുതിയിലാണ്ട സഖ്യ ശക്തികള്‍ക്ക് ചര്‍ച്ചിലിന്റെ പ്രസംഗങ്ങള്‍ ഉത്തേജനം പകര്‍ന്നു.

വിക്ടറി അടയാളം ( V ) സമ്മാനിച്ച ചര്‍ച്ചില്‍

വിജയത്തെ സൂചിപ്പിക്കാന്‍ രണ്ടു വിരലുകള്‍ ഇംഗ്ലീഷ് അക്ഷരമായ ‘ V ‘ ആകൃതിയില്‍ അതായത് വിക്ടറി എന്ന് സൂചിപ്പിക്കുന്ന രീതിയില്‍ ഉയര്‍ത്തിക്കാണിക്കുന്ന രീതി ചര്‍ച്ചിലിന്റെ സംഭാവനയാണ്. വിജയം ലോകത്തെ അറിയിക്കാന്‍ ഭാഷ വേണ്ട, രണ്ടു വിരലുകള്‍ മാത്രം മതി എന്ന് ലോകത്തെ പഠിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം.

ചര്‍ച്ചില്‍ വരച്ച ചിത്രത്തിന്റെ വില 85 കോടി

രണ്ടാം ലോകയുദ്ധ കാലത്ത് യു.എസ് പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റിന് അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സ്വന്തമായി വരച്ച് കൈമാറിയ അപൂര്‍വ പെയിന്റിംഗ് ലേലത്തില്‍ വിറ്റുപോയത് 85 കോടി രൂപയ്ക്കാണ്. ‘ഖുതുബിയ മോസ്‌ക് ടവര്‍’ എന്ന ചിത്രമായിരുന്നു അത്. മൊറോക്കോയിലെ മറാകിഷ് നഗരത്തില്‍ അസ്തമയ ചാരുതയിലെ മസ്ജിദ് കാഴ്ചയാണ് ചര്‍ച്ചില്‍ പെയിന്റിംഗിന്റെ പ്രമേയം. 1943 ല്‍ നടന്ന കസബ്ലാങ്ക കോണ്‍ഫറന്‍സിലാണ് ചര്‍ച്ചിലും റൂസ്വെല്‍റ്റും ഒന്നിച്ച് മൊറോക്കോയിലെത്തിയത്. അതു കഴിഞ്ഞ് അറ്റ്ലസ് മലനിരകള്‍ക്കു പിറകില്‍ അസ്തമയ കാഴ്ചകള്‍ കണ്ടാണ് ഇരുവരും മടങ്ങിയത്. ചെറുപ്പകാലം മുതല്‍ പെയിന്റിംഗ് രംഗത്ത് സജീവമായിരുന്ന ചര്‍ച്ചില്‍ 500 ലേറെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. രണ്ടാം ലോക യുദ്ധകാലത്ത് ചര്‍ച്ചില്‍ വരച്ച ഏക ചിത്രം കൂടിയാണ് ‘ഖുതുബിയ മോസ്‌ക് ടവര്‍’ എന്ന സവിശേഷതയുമുണ്ട്.

അവാര്‍ഡുകളും അംഗീകാരങ്ങളും

1940 ല്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിലെ ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. എഴുത്തുകാരന്‍ കൂടിയായ അദ്ദേഹത്തിന്റെ ആറുവാല്യങ്ങളുള്ള ‘രണ്ടാം ലോകയുദ്ധ സ്മരണകള്‍’ എന്ന പുസ്തകത്തിന് 1953-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1953 ലാണ് അദ്ദേഹത്തിന് സര്‍ പദവി നല്‍കി ആദരിച്ചതും. 2002 ല്‍ ഏറ്റവും മഹാനായ ബ്രീട്ടീഷുകാരനായി ബിബിസി അദ്ദേഹത്തെ തിരഞ്ഞെടുത്തു.

മരണവും സംസ്‌കാരവും

രണ്ടാം തവണ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ ചര്‍ച്ചില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നു. 1949 ല്‍ അദ്ദേഹത്തിന് സെറിബ്രോവാസ്‌കുലര്‍ ആക്സിഡന്റ് (സിവിഎ) ഉണ്ടായിരുന്നു. 1953 ല്‍ രണ്ടാമത്തെ സ്ട്രോക്ക് ബാധിച്ചപ്പോള്‍ ഇത് അദ്ദേഹത്തെ വലിയ തോതില്‍ ബാധിച്ചു. ഇക്കാരണത്താല്‍ 1955 ല്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തന്റെ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചു. പിന്നീട് ലണ്ടനിലായിരുന്നു വിശ്രമ ജീവിതം. 1965 ജനുവരി 24 ന് ലണ്ടനില്‍ വച്ചാണ് തന്റെ തൊണ്ണൂറാം വയസില്‍ അദ്ദേഹം അന്തരിച്ചത്. സെറിബ്രല്‍ ത്രോംബോസിസിന് കാരണമായ ഹൃദയാഘാതമാണ് മരണകാരണം. തന്റെ അവസാന വര്‍ഷങ്ങളില്‍ പത്ത് സെറിബ്രോവാസ്‌കുലര്‍ സംഭവങ്ങളുടെ ഇരയായിരുന്നു അദ്ദേഹം.

ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സംഭവമായാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ശവസംസ്‌കാരം അറിയപ്പെടുന്നത്. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉന്നതരും നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുകയും ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഭൗതികാവശിഷ്ടങ്ങള്‍ ബ്ലാണ്ടണിലെ സെന്റ് മാര്‍ട്ടിനിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദേവാലയത്തിലാണ് നിക്ഷേപിച്ചിട്ടുള്ളത്.

 

Latest News