പശ്ചിമേഷ്യന്‍ മേഖലയില്‍ കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് റദ്ദാക്കി. ടെല്‍ അവീവ്, തെഹ്‌റാന്‍, ബെയ്‌റൂത്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം 21 വരെ നിര്‍ത്തിയതായി ലുഫ്താന്‍സ എയര്‍ അറിയിച്ചു. എയര്‍ ഫ്രാന്‍സ്, ട്രാന്‍സാവിയ തുടങ്ങിയ കമ്പനികള്‍ ബുധനാഴ്ച വരെ ബെയ്‌റൂത്ത് സര്‍വീസ് റദ്ദാക്കി.
ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ്യയെ വധിച്ചതുമുതലാണ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തിപ്പെട്ടത്. പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കമുള്ളവര്‍ നടത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം പരാജയപ്പെട്ടെന്നാണ് ലഭിച്ച റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആക്രമണം കനത്തതായിരിക്കില്ലെന്നാണ് വിവരമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതുവിധത്തിലുള്ള ആക്രമണത്തിനും സജ്ജമെന്ന് ഇസ്രായേല്‍ സൈനിക നേതൃത്വം അറിയിച്ചു.
ഇസ്രായേലിന്റെ പ്രതിരോധ മന്ത്രി ഇന്ന് രാവിലെ അമേരിക്കയുടെ പ്രതിരോധസെക്രട്ടറിയുമായി മൊബൈലില്‍ സംസാരിച്ചിരുന്നു. അതിനിടെ, ഗാസയിലെ ഖാന്‍ യൂനിസില്‍നിന്ന് ജനങ്ങളോട് ഒഴിയാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. ഗാസയില്‍ ഒരിടവും സുരക്ഷിതമല്ലെന്ന അവസ്ഥയില്‍ എങ്ങോട്ട് പോകുമെന്ന് അറിയാത്ത നിസ്സഹായാവസ്ഥയിലാണ് പലസ്തീനികള്‍. ഗാസ കൂട്ടക്കുരുതി സംബന്ധിച്ച് അടിയന്തര യു.എന്‍ രക്ഷാ സമിതിയോഗം ഇന്ന് ചര്‍ച്ച ചെയ്യും.