ബംഗ്ലാദേശിലെ കലാപത്തിന് പിന്നില്‍ അമേരിക്കയാണെന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വാദത്തെ തള്ളി വൈറ്റ് ഹൗസ്. വിഷയത്തില്‍ അമേരിക്കയ്ക്ക് എതിരായ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. ബംഗ്ലാദേശിലെ ജനങ്ങളുടെ തീരുമാനമാണ് അവിടെ നടപ്പായതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൈന്‍ ജീന്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ ഏത് സര്‍ക്കാര്‍ ഭരിക്കണമെന്ന് അവിടെയുള്ള ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും അമേരിക്കയല്ലെന്നും അവര്‍ പ്രതികരിച്ചു. രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചത് അമേരിക്കയാണെന്ന് ഷേയ്ഖ് ഹസീന പ്രതികരിച്ചിരുന്നു. രാജി വെച്ച് ഇന്ത്യയിലേക്ക് വരുന്നന്നതിന് മുമ്പ് ബംഗ്ലാദേശ് ജനതയെ അഭിസംബോധന ചെയ്യാന്‍ തയാറാക്കിയിരുന്ന പ്രസംഗത്തിലാണ് ഹസീനയുടെ അമേരിക്കന്‍ വിരുദ്ധ പരാമര്‍ശം.
പ്രതീക്ഷ നഷ്ടപ്പെടരുതെന്നും താന്‍ ഉടന്‍ മടങ്ങിവരുമെന്നും അവാമിലീഗ് പ്രവര്‍ത്തകരോട് ഷെയ്ഖ് ഹസീന പറഞ്ഞു. രാജ്യം വിടാനുള്ള തീരുമാനം വളരെ വിഷമമുണ്ടാക്കി ജനങ്ങളായിരുന്നു തന്റെ ശക്തിയെന്നും ഹസീന പറയാനിരുന്നെന്നാണ് റിപ്പോര്‍ട്ട്. വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ പിന്‍തലമുറക്കാര്‍ക്കുള്ള 30 ശതമാനം സംവരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചത്. സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടായതോടെ പ്രക്ഷോഭത്തിന് തീവ്രത കുറഞ്ഞു. എന്നാല്‍, ജയിലിലടച്ചവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭം വീണ്ടും ആളിക്കത്തിയത്.