യുക്രെയിനില്‍ മേജര്‍ സ്റ്റെപാന്‍ താരകബാല്‍ക കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗോസ്റ്റ് ഓഫ് കീവ് എന്ന പേരില്‍ അറിയിപ്പെടുന്ന യുദ്ധവിമാന പൈലറ്റായ മേജര്‍ സ്റ്റെഫാന്‍ കൊല്ലപ്പെട്ടെന്നാണ് യുക്രെയിന്‍ പ്രതിരോധ സേന സ്ഥിരീകരിച്ചത്. യുക്രേനിയന്‍ ഫൈറ്റര്‍ പൈലറ്റ് 40 റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് പ്രതിരോധ സേനയെ ഉദ്ധരിച്ച് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
അദ്ദേഹത്തിന്റെ മരണശേഷമാണ് ഗോസ്റ്റ് ഓഫ് കീവ് എന്ന ഫൈറ്റര്‍, മേജര്‍ സ്റ്റെപാന്‍ താരബാല്‍ക്കയാണെന്ന ഐഡന്റിറ്റി വെളിപ്പെടുത്തിയത്. 29 വയസ്സുകാരനാണ് മേജര്‍ താരബാല്‍ക്ക. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അദ്ദേഹം പറത്തിയിരുന്ന മിഗ്-29, മാര്‍ച്ച് 13-ന് ശത്രുസൈന്യവുമായി ശക്തമായ ഏറ്റുമുട്ടല്‍ നടത്തി. പോരാട്ടത്തിനിടെ വിമാനം റഷ്യന്‍ സേന വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
യുദ്ധത്തിന്റെ ആദ്യ ദിനത്തില്‍ ആറ് റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതോടെയാണ് യുക്രെയിനിലെ വീരനായകനായി താരബാല്‍ക്ക മാറിയത്. ‘കാവല്‍ മാലാഖ’ എന്നായിരുന്നു താരബാല്‍ക്കയെ യുക്രേനികള്‍ വിശേഷിപ്പിച്ചത്. ഫെബ്രുവരി 26- ന് 10 റഷ്യന്‍ യുദ്ധവിമാനങ്ങള്‍ കൂടി അദ്ദേഹം വെടിവച്ചിട്ടു. നാല്‍പതോളം റഷ്യന്‍ യുദ്ധവിമാനങ്ങള്‍ മണ്ണ് പറ്റിയത്, തരബാല്‍ക്കെയുടെ വിരുതാണെന്നായിരുന്നു യുക്രെയ്ന്‍ പ്രതിരോധസേനയുടെ അവകാശവാദം.
‘ആളുകള്‍ അവനെ കീവിന്റെ പ്രേതം എന്ന് വിളിക്കുന്നു. ശരിയാണ്, റഷ്യന്‍ വിമാനങ്ങള്‍ക്ക് അദ്ദേഹം ഇതിനകം ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു’- എന്നായിരുന്നു ഫെബ്രുവരിയില്‍ യുക്രേനിയന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞത്. അദ്ദേഹത്തിന് മരണാനന്തരം യുദ്ധ ധീരതയ്ക്കുള്ള യുക്രെയ്ന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതി, ‘ഓര്‍ഡര്‍ ഓഫ് ഗോള്‍ഡന്‍ സ്റ്റാര്‍’ നല്‍കി രാജ്യം താരാബാല്‍ക്കെയെ ആദരിച്ചു. യുക്രെയ്‌നിലെ ഹീറോ എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചുവെന്നും ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.