Sunday, November 24, 2024

വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രം നിര്‍മിക്കാന്‍ ഇസ്രായേല്‍

വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രം നിര്‍മിക്കാന്‍ ഇസ്രായേല്‍. വെസ്റ്റ് ബാങ്കില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ ഭരണ സമിതിയായ ഇസ്രായേലി സിവില്‍ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാലസ്തീന്‍ നഗരമായ ബെത്‌ലഹേമിന് സമീപം ജറുസലേമിന്റെ തെക്കുപടിഞ്ഞാറായി ഏകദേശം 148 ഏക്കര്‍ (ഏകദേശം 600,000 ചതുരശ്ര മീറ്റര്‍) സ്ഥലത്താണ് നഹാല്‍ ഹെലെറ്റ്‌സ് എന്ന കുടിയേറ്റ കേന്ദ്രം നിര്‍മിക്കുന്നത്.

അതേസമയം സോണിങ് പ്ലാനുകളും നിര്‍മാണ അനുമതിയും ലഭിക്കുന്നതിന് സമയമെടുക്കുന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടേക്കാം. കുടിയേറ്റ കേന്ദ്ര നിര്‍മിക്കുന്നത് സംഘര്‍ഷവും സുരക്ഷാ വെല്ലുവിളികളും കൊണ്ടുവരുമെന്ന് എതിര്‍ സംഘടനയായ പീസ് നൗ മുന്നറിയിപ്പ് നല്‍കി.

യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുരാതന കാര്‍ഷിക ടെറസുകള്‍ക്ക് പേരുകേട്ട പാലസ്തീനിയന്‍ ഗ്രാമമായ ബത്തീറിന്റെ ഭൂമിയിലാണ് കുടിയേറ്റ കേന്ദ്രം നിര്‍മിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Latest News