റഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് കടലിനടിയിലൂടെ പ്രകൃതിവാതകം കൊണ്ടുപോകുന്ന നോര്‍ഡ് സ്ട്രീം പൈപ്പ്ലൈന്‍ തകര്‍ക്കാനുള്ള പദ്ധതിക്ക് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ അനുമതി ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. സെലന്‍സ്‌കിയുടെ എതിര്‍പ്പ് വകവെക്കാതെ ഉക്രെയ്ന്‍ സൈനിക മേധാവിയായ വലേറി സാലുസ്നി ഈ പദ്ധതിക്ക് അംഗീകാരം നല്‍കുകയായിരുന്നെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
2022 സെപ്റ്റംബറിലാണ് ബാള്‍ട്ടിക് കടലില്‍ നോര്‍ദ് സ്ട്രീം പൈപ്പ്ലൈന്‍ തകര്‍ക്കപ്പെടുന്നത്. റഷ്യന്‍ പ്രകൃതിവാതക ബിസിനസിനും ആഗോള എണ്ണ-വാതക വിപണിക്കും കനത്ത ആഘാതമാണ് ഈ സംഭവം ഏല്‍പ്പിച്ചത്. ജര്‍മനിയില്‍ നിന്നും ഒരു വിനോദസഞ്ചാര ബോട്ടില്‍ കയറി ബാല്‍ട്ടിക്കിലേക്കെത്തിയ ആറ് ഉക്രെയ്ന്‍ ഏജന്റുമാരാണ് പൈപ്പ്ലൈനില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചത്. മുതിര്‍ന്ന ഉക്രെയ്ന്‍ സ്പെഷല്‍ ഓപ്പറേറ്റീവായ റോമന്‍ ചെര്‍വിന്സ്‌കിയാണ് ഈ ഓപ്പറേഷന് നേതൃത്വം കൊടുത്തത്. ഒരു ഉക്രെയ്ന്‍ വ്യവസായിയാണ് 3 ലക്ഷം ഡോളര്‍ മുടക്കി പദ്ധതിയെ സാമ്പത്തികമായി പിന്തുണച്ചത്.
തുടക്കത്തില്‍ പ്രസിഡന്റ് സെലന്‍സ്‌കി ഈ ആക്രമണ പദ്ധതിക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഈ വിവരം മണത്തറിഞ്ഞ യുഎസ് രഹസ്യാന്വേഷണ സംഘടനയായ സിഐഎ വിഷയത്തില്‍ ഇടപെടുകയും ആഗോള പ്രതിസന്ധി ഒഴിവാക്കാന്‍ ഇത്തരമൊരു ആക്രമണത്തില്‍ നിന്ന് പിന്‍മാറണമെന്ന് സെലന്‍സ്‌കിയോട് ആവശ്യപ്പെടുകയും ചെയ്തു.
നിലപാട് മാറ്റിയ സെലന്‍സ്‌കി സൈനിക മേധാവിയോട് ആക്രമണ പദ്ധതി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സൈന്യം അതുമായി മുന്നോട്ടു പോകുകയായിരുന്നു. ഉക്രെയ്ന്‍ ഇപ്പോഴും നോര്‍ഡ് ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കുണ്ടെന്ന റഷ്യന്‍ ആരോപണം നിഷേധിച്ചുപോരുകയാണ്. സൈനിക മേധാവിയായിരുന്ന സാലുസ്നി ഇപ്പോള്‍ യുകെയിലെ ഉക്രെയ്ന്‍ അംബാസഡറാണ്.