ഇസ്രായേലിനെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മുന്നറിയിപ്പ്. രാഷ്ട്രീയ, സൈനിക തലങ്ങളില്‍ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്ക്കോ മുതിരരുതെന്നും വീഴ്ച വരുത്തുന്നത് ‘ദൈവ കോപത്തിന്റെ’ ഗണത്തില്‍പ്പെടുമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.
ഹമാസിന്റെ രാഷ്ട്രീയ കാര്യങ്ങളുടെ തലവന്‍ ഇസ്മായില്‍ ഹനിയ്യ ഇറാന്‍ സന്ദര്‍ശനത്തിനിടെ കൊല്ലപ്പെട്ടതു മുതല്‍ ഇറാനും ഇസ്രായേലും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, തിരിച്ചടി നല്‍കുന്നതില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സൈന്യവും തമ്മില്‍ ഭിന്നതയുണ്ടായി. തുടര്‍ന്നാണ് ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവനയെന്നും ശ്രദ്ധേയമാണ്.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ. കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഇറാനെതിരെ കനത്ത തിരിച്ചടി നടത്തുമെന്നും രാജ്യം അറിയിച്ചിരുന്നു. പ്രതികാരം കഠിനമായിരിക്കുമെന്നും ഉചിതമായ സമയമെത്തുമ്പോള്‍ മറുപടി തന്നിരിക്കുമെന്നും റെവല്യൂഷണറി ഗാര്‍ഡ്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.