Monday, November 25, 2024

കത്തോലിക്കാ സഭയ്ക്കെതിരെ നടന്നത് 870 ആക്രമണങ്ങള്‍: നിക്കരാഗ്വന്‍ ഭരണകൂടത്തിന്റെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ വെളിപ്പെടുത്തി റിപ്പോര്‍ട്ട്

നിക്കരാഗ്വയിലെ ഡാനിയല്‍ ഒര്‍ട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണത്തിന്റെ ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ വെളിപ്പെടുത്തുന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. 2018 മുതല്‍ 2024 ജൂലൈ വരെ കത്തോലിക്കാ സഭയ്ക്കെതിരെ സ്വേച്ഛാധിപത്യ ഭരണകൂടം 870 ആക്രമണങ്ങളാണ് നടത്തിയിട്ടുള്ളത്. മനുഷ്യാവകാശ ഗ്രൂപ്പായ ”നിക്കരാഗ്വ നുങ്കാ മാസും” ഗവേഷക മാര്‍ത്ത പട്രീഷ്യ മൊലിനയുമാണ് ഇതുസംബന്ധിച്ച റിപ്പോട്ടുകള്‍ പ്രസിദ്ധീകരിച്ചത്.

2024 ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവില്‍ ഒര്‍ട്ടെഗ-മുറില്ലോ ഭരണകൂടം വിശ്വാസികള്‍ക്കും മത നേതാക്കള്‍ക്കുമെതിരായ പീഡനം വര്‍ദ്ധിപ്പിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ‘ഈ ആക്രമണങ്ങള്‍ വൈദികര്‍, ബിഷപ്പുമാര്‍, സമര്‍പ്പിതര്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കൂടുതലായും നടക്കുന്നത്. എന്നാല്‍ കത്തോലിക്കാ സഭയ്ക്കെതിരെ മാത്രമല്ല, ഇവാഞ്ചലിക്കല്‍ സഭയ്ക്കെതിരെയും ആക്രമണങ്ങള്‍ ഉണ്ട്.’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് 12 ന് അടച്ച 15 എണ്ണം ഉള്‍പ്പെടെ കത്തോലിക്കാ സഭയുടെ 420 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കാരിറ്റാസ് മാതഗല്‍പ്പയുടെയും അഞ്ചു ക്രിസ്ത്യന്‍ പള്ളികളുടെയും നിയമപരമായ പദവിയും ഭരണകൂടം റദ്ദാക്കിയിരുന്നു.

ഈ ഭരണകൂടം കുറഞ്ഞത് 22 ഓളം മത മാധ്യമ സ്ഥാപനങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ട്. 51 വൈദികരെ വിചാരണ കൂടാതെ നാടുകടത്തുകയും താമസിക്കാനുള്ള അവരുടെ അവകാശങ്ങളും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യത്തെ നാല് മാസങ്ങളില്‍ 34 വൈദികരെ രാജ്യം വിടാന്‍ നിര്‍ബന്ധിതരാക്കി. 2018 മുതല്‍, 91 സന്യാസിനിമാര്‍ ഉള്‍പ്പെടെ 222 സന്യാസികളെയെങ്കിലും നാടുകടത്തിയിട്ടുണ്ട്.

മനുഷ്യാവകാശ സംരക്ഷകനും സ്വേച്ഛാധിപത്യത്തിന്റെ വിമര്‍ശകനുമായ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിന്റെ രൂപതയാണ് മാതഗല്‍പ്പ. 26 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹത്തെ ഈ വര്‍ഷം ജനുവരിയില്‍ റോമിലേക്ക് നാടുകടത്തി. അദ്ദേഹം ഇപ്പോള്‍ അവിടെ പ്രവാസത്തില്‍ കഴിയുകയാണ്.

 

Latest News