ബന്ദിമോചനവും വെടിനിര്‍ത്തലും സംബന്ധിച്ച ചര്‍ച്ചക്കായി ഖത്തറിലേക്ക് പോയ ഇസ്രായേലി പ്രതിനിധികള്‍ക്ക് താക്കീതുമായി ടെല്‍അവീവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് മുന്നില്‍ പടുകൂറ്റന്‍ റാലി. ബന്ദിമോചന, വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടിട്ടല്ലാതെ ഇസ്രായേലിലേക്ക് മടങ്ങിവരരുതെന്ന് ഗാസ്സയില്‍ ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളും നൂറുകണക്കിന് പൊതുജനങ്ങളും ഉള്‍പെടുന്ന റാലി മുന്നറിയിപ്പ് നല്‍കി.
മൊസാദ് തലവന്‍ ഡേവിഡ് ബെര്‍ണിയ, ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി റോനന്‍ ബാര്‍, മിലിട്ടറി ഹോസ്‌റ്റേജ് ചീഫ് നിറ്റ്‌സാന്‍ അലോണ്‍ എന്നിവരാണ് ഇസ്രായേല്‍ പക്ഷത്തു നിന്നും പങ്കെടുക്കുന്നത്. സി.ഐ.എ ഡയറക്ടര്‍ ബില്‍ ബേണ്‍സ്, യു.എസ് മിഡില്‍ഈസ്റ്റ് പ്രതിനിധി ബ്രെട്ട് മക്ഗര്‍ക് എന്നിവരും ഖത്തര്‍, ഈജിപ്ത് പ്രതിനിധികളും ഭാഗമാകുന്നതായി ‘റോയിട്ടേഴ്‌സ്’ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസ് ചര്‍ച്ച ബഹിഷ്‌കരിച്ചിരുന്നു. ഇനി ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ജൂലൈ രണ്ടിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം തയാറാക്കിയ കരാര്‍ ഇസ്രായേല്‍ പാലിക്കുകയാണ് ചെയ്യേണ്ടതെന്നും വ്യക്തമാക്കിയ ഹമാസ്, ചര്‍ച്ചക്കായി പ്രതിനിധികളെ നിയോഗിച്ചിട്ടില്ല. ഇസ്രായേല്‍ അത് പാലിക്കുകയാണെങ്കില്‍ കരാര്‍ നടപ്പാക്കാന്‍ ഹമാസും തയ്യാറാണെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സുഹൈല്‍ ഹിന്ദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് തെല്‍അവീവിലെ തെരുവുകള്‍ കൈയടക്കി പ്രതിഷേധം അരങ്ങേറിയത്. ”ലാസ്റ്റ് ചാന്‍സ് മാര്‍ച്ച്” എന്ന പേരില്‍ മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍, പ്രധാനമന്ത്രിക്കും ഭരണകൂടത്തിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. ദോഹയിലേക്ക് ചര്‍ച്ചക്ക് പോയവര്‍ കരാര്‍ പൂര്‍ത്തിയാകുന്നതുവരെ അവിടെ തുടരണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഗാസ്സയില്‍ തടവിലാക്കപ്പെട്ട 100 ലധികം ബന്ദികളുടെ സമയം തീരാറായെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഹമാസ് ബന്ദികളാക്കിയ 251 പേരില്‍ 111 പേര്‍ ഇപ്പോഴും ഗസ്സയില്‍ ഉണ്ടെന്നാണ് നിഗമനം. 39 പേര്‍ മരിച്ചതായി ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തോടെ 105 സിവിലിയന്മാരെ ഹമാസ് മോചിപ്പിച്ചിരുന്നു. ഏഴ് ബന്ദികളെ സൈന്യം ജീവനോടെ രക്ഷിച്ചു. 24 ബന്ദികളുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
പത്തുമാസമായി തുടരുന്ന ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ സംഘത്തിന്റെ ചര്‍ച്ചകള്‍ക്ക് ഇന്നലെയാണ് ദോഹയില്‍ തുടക്കമായത്. ഖത്തര്‍,അമേരിക്ക, ഈജിപ്ത് എന്നിവരുടെ സംയുക്ത ആഹ്വാനത്തെ തുടര്‍ന്നാണ് ചര്‍ച്ച ആരംഭിച്ചത്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കി യുദ്ധം അവസാനിപ്പിക്കുകയും, ബന്ദി മോചനവും ഗസ്സയിലേക്കുള്ള മാനുഷിക സഹായം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുന്നതെന്ന് ഡോ. മാജിദ് അല്‍ അന്‍സാരി പറഞ്ഞു.
പാതിവഴിയില്‍ മുടങ്ങിയ മധ്യസ്ഥ ചര്‍ച്ച പുനരാരംഭിക്കാന്‍ ആഗസ്റ്റ് എട്ടിനായിരുന്നു മൂന്ന് രാജ്യങ്ങളുടെ തലവന്മാര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഹമാസ് വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചക്കു ശേഷം, അവരുമായി ആശയവിനിമയം നടത്താനാണ് പദ്ധതിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.