Wednesday, April 2, 2025

പാരീസ് ഒളിമ്പിക്‌സ്: ആദ്യ മെഡലുമായി ചരിത്രം കുറിച്ച് അഭയാര്‍ത്ഥി ഒളിമ്പിക്സ് ടീം

അഭയാര്‍ത്ഥി ഒളിമ്പിക് ടീമില്‍ നിന്നുള്ള ഒരു മത്സരാര്‍ത്ഥിക്ക് ലഭിക്കുന്ന ആദ്യ മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ച് ബോക്സര്‍ സിനി എന്‍ഗംബ. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ 4-1 എന്ന സ്‌കോറിന് പനാമന്‍ എതിരാളിയെ തോല്‍പ്പിച്ചാണ് സിനി എന്‍ഗംബ വെങ്കലം നേടിയത്. അഭയാര്‍ത്ഥികളായവര്‍ക്ക് അവരുടെ ദുര്‍ഘടമായ സാഹചര്യങ്ങള്‍ക്കിടയിലും ലോകത്തിന് ധാരാളം സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നതിന്റെ ഒരു ഉദാഹരണവും ഓര്‍മ്മപ്പെടുത്തലും കൂടിയാണ് എന്‍ഗംബയുടെ വിജയം.

ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (കഛഇ) 2016 ലെ റിയോ ഒളിമ്പിക്സ് മുതലാണ് അഭയാര്‍ത്ഥി ഒളിമ്പിക് ടീമിന് മത്സരിക്കാന്‍ അനുവാദം നല്‍കിയത്. ഇതിനായി 10 അത്ലറ്റുകളെ തിരഞ്ഞെടുത്തു. 2021ല്‍ ടോക്കിയോയില്‍ ഒളിമ്പിക്സ് നടന്നപ്പോള്‍ ടീമിനെ 29 മത്സരാര്‍ത്ഥികളാക്കി ഉയര്‍ത്തി. ലോകമെമ്പാടുമുള്ള അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് 11 രാജ്യങ്ങളില്‍ നിന്നുള്ള 37 കായികതാരങ്ങളാണ് ഈ വര്‍ഷം പങ്കെടുത്തത്.

തന്റെ വിജയം ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മറ്റ് അഭയാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍ഗംബ വെളിപ്പെടുത്തി. ”വലിയ പ്രതിബന്ധങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയും കടന്നുപോയാലും നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും ആത്മവിശ്വാസം നേടുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ നേടാന്‍ കഴിയുമെന്ന് ഈ വിജയം വെളിപ്പെടുത്തുന്നു. ഓരോ ദിവസവും കടന്നുവരുന്ന സംഭവങ്ങള്‍ അത് എന്തായാലും സ്‌നേഹിക്കാനും സ്വീകരിക്കാനും പരിശ്രമിക്കുക.’ – എന്‍ഗംബ പറയുന്നു.

ഐഒസിയുടെ കണക്കനുസരിച്ച്, ഈ വര്‍ഷത്തെ ടീം ലോകമെമ്പാടുമുള്ള 100 ദശലക്ഷം കുടിയിറക്കപ്പെട്ട ആളുകളെ പ്രതിനിധീകരിച്ചവരാണ്. ലോകത്തിലെ വര്‍ദ്ധിച്ചുവരുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തിന്റെ പ്രതിഫലനമാണ് ഇത്. അഭയാര്‍ത്ഥി ഒളിമ്പിക് ടീമിന്റെ തുടക്കം മുതല്‍ ശക്തമായ പിന്തുണ നല്‍കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും അഭയാര്‍ത്ഥികളുടെ മാനവികതയും സാധ്യതകളും തിരിച്ചറിഞ്ഞുകൊണ്ട് സംസാരിച്ചിരുന്നു.

‘വീണ്ടെടുപ്പിന്റെയും പ്രതീക്ഷയുടെയും കഥകള്‍ പറയുന്ന അഭയാര്‍ത്ഥി കായികതാരങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു: കടലില്‍ ഒരു ഡിങ്കിയില്‍ കയറ്റി ലെസ്‌ബോസ് ദ്വീപിലേക്ക് അയക്കപ്പെട്ട സിറിയന്‍ അഭയാര്‍ഥിയും നീന്തല്‍താരവുമായ വ്യക്തി എന്നെ വ്യക്തിപരമായി രണ്ട് തവണ സന്ദര്‍ശിച്ചിരുന്നു. കൈകളില്ലാതെ ജനിച്ച അഫ്ഗാന്‍ നീന്തല്‍ താരം പാരാലിമ്പിക് ചാമ്പ്യനായി. അവര്‍ ‘വെറും’ കായികതാരങ്ങളും സ്ത്രീകളുമല്ല. അവര്‍ ഉറച്ച പ്രതീക്ഷയുടെ നായകന്മാരും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള പ്രചോദനവുമാണ്.’ -പാപ്പാ വെളിപ്പെടുത്തി.

 

Latest News