ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി എം. ശഖവാത് ഹുസൈന്‍. ആക്രമണത്തിനും കലാപത്തിനും വിദ്വേഷത്തിനും രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസിന്റെ (ഇസ്‌കോണ്‍) പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പുനല്‍കിയത്. സാമുദായിക സൗഹാര്‍ദമുള്ള രാജ്യമാണ് ബംഗ്ലാദേശ്.
എല്ലാ മതവിഭാഗങ്ങളും വിവേചനമില്ലാതെയാണ് ഇവിടെ വളരുന്നത്. സമാധാനത്തിലാണ് രാജ്യം വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സുരക്ഷക്ക് ഇസ്‌കോണ്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
മത സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് വിവരം നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച ഹോട്ട്ലൈന്‍ സ്ഥാപിച്ചിരുന്നു. അതേസമയം, വംശഹത്യ ഉള്‍പ്പെടെയുള്ള കേസുകളില്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണം തുടങ്ങി.
ശൈഖ് ഹസീനക്ക് പുറമെ, അവാമി ലീഗ് ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഒബൈദുല്‍ ക്വദര്‍, മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആരിഫ് അഹമ്മദ് സിയാമിന്റെ പിതാവ് ബുള്‍ബുള്‍ കബീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പലചരക്ക് കടയുടമയുടെ മരണത്തില്‍ ചൊവ്വാഴ്ച ഹസീനക്കും മറ്റ് ആറു പേര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. 35കാരനായ അധ്യാപകന്‍ സെലിം ഹുസൈന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹസീനക്കും 99 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ വെള്ളിയാഴ്ച കേസെടുത്തു.