Monday, November 25, 2024

പാക്കിസ്ഥാനിലെ ജാരൻവാല കലാപം ഒരു വർഷം പിന്നിടുന്നു: നീതിക്കായി കാത്തിരിപ്പ് തുടർന്ന് ക്രൈസ്തവർ

പാക്കിസ്ഥാനിലെ ജാരൻവാലയിൽ അക്രമാസക്തരായ ജനക്കൂട്ടം ക്രൈസ്തവസമൂഹങ്ങളെ ആക്രമിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോൾ ഇന്നും നീതിക്കായി കാത്തിരിക്കുകയാണ് ക്രൈസ്തവരെന്ന് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. 26 പള്ളികളും 200-ലധികം വീടുകളുമാണ് അന്ന് അക്രമത്തിൽ തകർത്തത്.

2023 ആഗസ്റ്റ് 16-ന് രണ്ട് ക്രിസ്ത്യൻ കൗമാരക്കാർ ഖുറാൻ അവഹേളിച്ചു എന്ന ആരോപണത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തെ തുടർന്ന് ഇസ്ലാമിക രാഷ്ട്രീയപാർട്ടിയായ തെഹ്‌രീകെ-ഇ-ലബ്ബൈക് അംഗങ്ങൾ ഉൾപ്പെടെ 130-ലധികം പേരെ അധികൃതർ അറസ്റ്റു ചെയ്തു. എന്നാൽ, കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗം പേരെയും മോചിപ്പിക്കുകയോ, ജാമ്യത്തിൽ വിട്ടയയ്ക്കുകയോ ചെയ്തിട്ടുണ്ട്. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത കലാപത്തിൽ ഇപ്പോൾ വിചാരണ നേരിടുന്നത് പത്തോ, പന്ത്രണ്ടോ പേർ മാത്രമാണ്.

ഖുറാനെ അവഹേളിച്ചുവെന്ന് ആരോപിക്കപ്പെട്ട രണ്ട് ക്രൈസ്തവരെ ഈ വർഷം ആദ്യം കുറ്റവിമുക്തരാക്കിയിരുന്നു. വ്യക്തിപരമായ തർക്കത്തെ തുടർന്നാണ് ഇവർക്കെതിരെ കള്ളക്കേസ് ചുമത്തിയതെന്ന് ഫൈസലാബാദിലെ കോടതി കണ്ടെത്തി. എങ്കിലും, ഒരു വിവാദസംഭവത്തിൽ, കലാപത്തിനു പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് സഹിവാളിലെ തീവ്രവാദവിരുദ്ധ കോടതി ജൂലൈ ആദ്യം, ക്രിസ്ത്യൻ മതവിശ്വാസിയായ എഹ്‌സാൻ ഷാനെ വധശിക്ഷയ്ക്കു വിധിച്ചു. ആരോപിക്കപ്പെടുന്ന സംഭവത്തിൽ ഷാൻ പങ്കെടുത്തില്ലെങ്കിലും ഇസ്ലാമിനെ നിന്ദിക്കുന്നതായി ആരോപിക്കപ്പെടുന്ന സോഷ്യൽ മീഡിയയിൽ ‘വിദ്വേഷകരമായ ഉള്ളടക്കം’ പങ്കിട്ടതിന് അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തുകയായിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഷാനിന്റെ അഭിഭാഷകൻ പറഞ്ഞു. ഇത്തരം സംഭവങ്ങളോട് നിയമസംവിധാനം പ്രതികരിക്കുന്നത് ഇരട്ടത്താപ്പിലാണ്.

Latest News