Monday, November 25, 2024

ശ്രീലങ്കയില്‍ മരുന്നുവില 40 ശതമാനം വര്‍ധിപ്പിച്ചു; പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കവുമായി പ്രതിപക്ഷം

അടുത്തയാഴ്ചയോടെ അവിശ്വാസ പ്രമേയം നല്‍കി പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കവുമായി ലങ്കന്‍ പ്രതിപക്ഷം. ഇതിനുള്ള നീക്കം തുടങ്ങിയെന്ന് പ്രതിപക്ഷത്തിന്റെ മുഖ്യ വിപ്പും എസ്ജെബി എംപിയുമായ ലക്ഷ്മണ്‍ കിരിയെല്ല പറഞ്ഞതായി ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ പാര്‍ട്ടിക്കും പ്രാതിനിധ്യമുള്ള ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് വെള്ളിയാഴ്ച പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവയ്ക്കുമോ എന്നതില്‍ വ്യക്തതയില്ല. സര്‍ക്കാരിനെതിരെ പ്രതിഷേധാഹ്വാനം നടത്തുമെന്ന് ബുദ്ധമത നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ മരുന്നുവില 40 ശതമാനം വര്‍ധിപ്പിച്ചു. ആന്റിബയോട്ടിക്കുകള്‍, കുറിപ്പടിയില്ലാതെ വാങ്ങുന്ന വേദനാസംഹാരികള്‍, പ്രമേഹ, ഹൃദ്രോഗ മരുന്നുകള്‍ എന്നിവയ്ക്കുള്‍പ്പെടെ 60 മരുന്നിനാണ് വില കൂട്ടിയതെന്ന് ആരോഗ്യമന്ത്രി ചന്ന ജയസുമന അറിയിച്ചു. ആറാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് രാജ്യത്ത് മരുന്നുവില കൂട്ടിയത്. മാര്‍ച്ച് പകുതിയോടെ വില 30 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ആശുപത്രികള്‍ മാസങ്ങളായി അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെയുള്ളവ മാറ്റിവയ്ക്കുകയാണ്.

 

Latest News