Thursday, May 15, 2025

‘രാജ്യത്ത് ഓരോ 16 മിനിറ്റിലും ശരാശരി ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു’; സ്ത്രീ സുരക്ഷയിലെ വീഴ്ച ഉയര്‍ത്തിക്കാട്ടി എന്‍സിആര്‍ബി റിപ്പോര്‍ട്ട്

കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടറെ അതിക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യയിലുടനീളം വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതികള്‍ക്കെതിരെ വേഗത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പണിമുടക്ക് അടക്കം കടുത്ത പ്രതിഷേധത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 31 കാരിയായ പിജി ഡോക്ടറെ സര്‍ക്കാര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ അര്‍ധനഗ്നാവസ്ഥയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് മുമ്പ് ഇര ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. വ്യാപകമായ ജനരോഷത്തിനും പ്രതിഷേധത്തിനും ഇടയിലാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലേക്ക് (സിബിഐ) മാറ്റി.

രാജ്യത്തുടനീളമുള്ള തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കണമെന വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കിടയിലാണ് ഈ നീക്കം. 2012ലെ ഡല്‍ഹിയിലെ നിര്‍ഭയക്കേസിനു പിന്നാലെയാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിയമപരിഷ്‌കരണം നടത്തിയത്. എന്നാല്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (NCRB) സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമം ക്രമാനുഗതമായി വര്‍ധിക്കുന്നെന്നാണ്.

2012ല്‍ ഡല്‍ഹി സംഭവത്തിനു ശേഷം എന്‍സിആര്‍ബി നടത്തിയ പഠനത്തില്‍ ഇന്ത്യയിലുടനീളം പ്രതിവര്‍ഷം 25,000 ബലാത്സംഗ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം, പിന്നീടത് 30,000 കവിഞ്ഞു. 2016ല്‍ ഏകദേശം 39,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 വര്‍ഷത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും അതിനു ശേഷം കണക്കുകള്‍ കുത്തനെ ഉയര്‍ന്നു.

സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, 2018ല്‍ ഓരോ 16 മിനിറ്റിലും ശരാശരി ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നാണ്. ഒടുവില്‍ ഡേറ്റ ലഭ്യമായ 2022ല്‍ വര്‍ഷത്തില്‍ 31,000 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 12 വയസിന് താഴെയുള്ള ഇരകള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ കുറഞ്ഞത് 10 വര്‍ഷം തടവോ ജീവപര്യന്തമോ വധശിക്ഷയോ ഉള്‍പ്പെടെ ശിക്ഷകള്‍ കഠിനമാക്കിയിട്ടും കുട്ടികള്‍ക്കെതിരായ അതിക്രമക്കേസുകളും വര്‍ഷംതോറും വര്‍ധിച്ചു വരുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിരവധി ഇരകള്‍ക്കായി കോടതിയില്‍ ഹാജരായ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷക റെബേക്ക എം. ജോണ്‍ ഇത്തരത്തില്‍ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്ക് കാരണമായി പറയുന്നത് നിയമപാലകരുടെ കൃത്യമായ ഇടപെടല്‍ ഇല്ലാത്തതും മോശം പോലീസിങ്ങിന്റെ അഭാവവുമാണ്. 2018 മുതല്‍ 2022 വരെ ബലാത്സംഗക്കേസുകളിലെ ശിക്ഷാ നിരക്ക് 27 ശതമാനത്തിനും 28 ശതമാനത്തിനും ഇടയില്‍ മാത്രമാണ്.

എന്‍സിആര്‍ബി കണക്കുപ്രകാരം കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കലാപം, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ എന്നിവയും ഉള്‍പ്പെടുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഇത് രണ്ടാമത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഠിനമായ ശിക്ഷാവിധികള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ചില ജഡ്ജിമാര്‍ കൃത്യമായ തെളിവുണ്ടെങ്കിലും പ്രതികളെ കുറ്റവാളികളാക്കാന്‍ മടിക്കുന്നെന്നും റെബേക്ക റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

Latest News