Tuesday, November 26, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വര്‍ഷത്തെ ആദ്യ വിദേശ സന്ദര്‍ശനം; മൂന്നു രാജ്യങ്ങളിലായി 25 യോഗങ്ങളില്‍ പങ്കെടുക്കും

ഈ വര്‍ഷത്തെ ആദ്യ വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്പിലേക്ക് പുറപ്പെട്ടു. ആദ്യം ജര്‍മനിയിലാണെത്തുക. ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ഡെന്മാര്‍ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. മൂന്നു രാജ്യങ്ങളിലായി 25 യോഗങ്ങളില്‍ പങ്കെടുക്കും. 65 മണിക്കൂറിനുള്ളിലാണ് ഇത്രയും യോഗങ്ങള്‍.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ് എന്നിവരടക്കം 8 നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. 4 വരെ നീളുന്ന സന്ദര്‍ശനത്തില്‍ ഒരു രാത്രി ജര്‍മനിയിലും രണ്ടു രാത്രികള്‍ വിമാനത്തിലുമാകും മോദി ചെലവഴിക്കുക.

ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സുമായി മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. തുടര്‍ന്ന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായും ഡാനിഷ് രാജ്ഞി മാര്‍ഗരറ്റുമായും കൂടിക്കാഴ്ച നടത്തും.

ഇന്ത്യ- നോര്‍ഡിക് ഉച്ചകോടിയില്‍ ഐസ്ലന്‍ഡ് പ്രധാനമന്ത്രി കാതറീന്‍ യാക്കോബ്‌സ്‌ഡോട്ടിര്‍, നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗര്‍ സ്റ്റോര്‍, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആന്‍ഡേഴ്‌സന്‍, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മാരിന്‍ എന്നിവരുമായും ചര്‍ച്ചകളുണ്ട്. സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യ, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ആഗോള സുരക്ഷാ സാഹചര്യം, ആര്‍ട്ടിക് മേഖലയിലെ ഇന്ത്യ-നോര്‍ഡിക് സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുക.

ഡെന്‍മാര്‍ക്കിലെ വ്യാപാരി സമൂഹവുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി, ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യും. മടക്കയാത്രയില്‍ നാലിനു പാരിസില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ ഉഭയകക്ഷി സഹകരണവും അവലോകനം ചെയ്യും.

 

 

 

Latest News