Saturday, November 23, 2024

അനാരോഗ്യകരമായ ഈ 10 ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങള്‍ ഒഴിവാക്കുന്നതിനും ഭക്ഷണക്രമീകരണത്തില്‍ മിതത്വം പാലിക്കേണ്ടവയുടെ പട്ടികയുമായി ലോകാരോഗ്യ സംഘടന. ദിവസവുമുള്ള ഇവയുടെ അമിതോപയോഗം ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന് ഫിറ്റ്നസും പോഷകങ്ങളും മുന്‍ഗണന നല്‍കി നിലനിര്‍ത്തേണ്ടതുണ്ട്. എന്നിരുന്നാലും പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവര്‍ അനേകമാണ്. ആരോഗ്യകരമായ ജീവിതം പിന്തുടരുന്നതിന് മിതത്വം പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന ഭക്ഷണങ്ങള്‍ അറിയാം.

1. പഞ്ചസാര

ലോകത്താകമാനം പൊണ്ണത്തടിക്കും പ്രമേഹത്തിനുമുള്ള മുഖ്യകാരണം പഞ്ചസാരയുടെ അമിതോപയോഗമാണ്. ഇത് കരള്‍, പാന്‍ക്രിയാസ്, ദഹനേന്ദ്രിയ വ്യവസ്ഥ എന്നിവയ്ക്ക് അമിതസമ്മര്‍ദമാണ് ഏല്‍പിക്കുന്നത്. പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും അവഗണിക്കണമെന്നല്ല, മിതത്വം പാലിച്ച് ഉപയോഗിക്കണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്.

2. വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍ ഉയര്‍ന്ന അളവില്‍ കലോറി നല്‍കും. ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുള്ള ഇത്തരം ഭക്ഷണങ്ങള്‍ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

3. പാസ്തയും ബ്രെഡും

റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകളാണ് അനാരോഗ്യകരമായ ഭക്ഷണങ്ങളിലെ മുഖ്യഘടകം. ഇത് വൈറ്റ് ബ്രെഡ്, പാസ്ത, മധുര പലഹാരങ്ങള്‍ എന്നിവയില്‍ പൊതുവേ കാണപ്പെടുന്നുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.

4. കോഫി

തലവേദന, വിഷാദം, ഇന്‍സോംനിയ, ഉയര്‍ന്ന രക്തസമ്മര്‍ദം, ക്ഷീണം തുടങ്ങിയവയ്ക്ക് കോഫിയിലെ കഫീന്‍ കാരണമാകും. കഫീന്‍ ഉയര്‍ന്ന അളവിലെത്തുന്നത് ഹൃദ്രോഗം, ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

5. ഉപ്പ്

ഫ്ലൂയിഡിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഹൃദയതാളം ക്രമീകരിക്കാനും നാഡീപ്രേരണകള്‍ നടത്താനും പേശികളുടെ സങ്കോചത്തിനും ഉപ്പ് ാവശ്യമാണ്. എന്നാല്‍ മറുവശത്ത് ഉപ്പ് അമിതമായി കഴിക്കുന്നത് അമിത രക്തസമ്മര്‍ദം, കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

6. ചിപ്സ്

ചിപ്സ്, മൈക്രോവേവ് പോപ്കോണ് എന്നിവ അനാരോഗ്യകരമായ കൊഴുപ്പ്, ഉപ്പ്, കലോറി എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങളാണ്.

7. ബേക്കണും സോസേജും

പ്രോസസ്ഡ് മീറ്റുകളായ ബേക്കണ്‍, സോസേജ് എന്നിവ സോഡിയവും നൈട്രേറ്റും ഉയര്‍ന്ന അളവില്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇത് അര്‍ബുദ സാധ്യത ഉള്‍പ്പെടെ സൃഷ്ടിക്കുന്നുണ്ട്. ദഹനസമയത്ത് നൈട്രേറ്റ് നൈട്രൈറ്റുകളുകാകുകയും ഇത് നൈട്രോസമൈന്‍ എന്ന ടോക്സിന്‍ ഉണ്ടാക്കുകയും ചെയ്തു. ഇത് അര്‍ബുദത്തിലേക്ക് നയിക്കുന്നവയാണ്.

8. പാം ഓയില്‍

പൂരിത കൊഴുപ്പ് കൂടുതലായി അടങ്ങിയ എണ്ണയാണ് പാം ഓയില്‍. ഇതിന്റെ അമിതോപയോഗം ഹൃദ്രോഗം, കൊളസ്ട്രോള്‍, മറ്റ് ഗുരുതര രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

9. ബര്‍ഗറും പിസയും

ഇന്നത്തെ തലമുറയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ് ബര്‍ഗര്‍, പിസ തുടങ്ങിയ ജങ്ക് ഫുഡുകള്‍. കലോറി കൂടിയ ഇവ ശരീരഭാരം കൂടുന്നതിന് കാരണമാകും.

10. ചീസ്

സാച്ചുറേറ്റഡ്, ട്രാന്‍സ് ഫാറ്റുകളാല്‍ സമ്പന്നമാണ് ചീസ്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. ഇവയുടെ സ്ഥിരോപയോഗം ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയവയ്ക്ക് കാരണമാകും.

 

Latest News