Saturday, November 23, 2024

മതവിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്ന മലയാള സിനിമാവ്യവസായം നിയന്ത്രിക്കപ്പെടണം: സീറോമലബാര്‍ സഭാ അത്മായ ഫോറം

മലയാള സിനിമാരംഗത്തെ ലൈംഗികാതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അന്വേഷിച്ച് അവയ്ക്ക് പരിഹാരനടപടികള്‍ സമര്‍പ്പിക്കുന്നതിനായി, 2017 ജൂലൈ മാസത്തില്‍ കേരള സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച, ജസ്റ്റിസ് ഹേമ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മലയാള ചലച്ചിത്രരംഗത്തെ മുഴുവന്‍ അത് പിടിച്ചുകുലുക്കിയിരിക്കുന്നു.

ഈ പശ്ചാത്തലത്തില്‍, മതവിശ്വാസങ്ങളെ അവഹേളിച്ചിട്ടുവേണോ സിനിമാക്കച്ചവടം നടത്തേണ്ടതെന്ന് സര്‍ക്കാരും സാംസ്‌കാരികവകുപ്പും ഗൗരവമായി ചിന്തിക്കണം. മതവിശ്വാസങ്ങളെ അവഹേളിക്കുന്ന ചലച്ചിത്രങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന ചലച്ചിത്രങ്ങളെക്കുറിച്ച് ഗൗരവതരമായ അന്വേഷണങ്ങള്‍ നടത്തണം. പ്രത്യേകമായ ജുഡീഷ്യല്‍ കമ്മീഷനെവച്ച് ഇത്തരം കാര്യങ്ങളില്‍ അന്വേഷണങ്ങള്‍ വേണമെന്ന് സീറോമലബാര്‍ സഭാ അത്മായ ഫോറം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന ചലച്ചിത്ര കലാസൃഷ്ടികള്‍ ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. ചില മലയാളസിനിമകള്‍ അതിരുകടക്കുന്നു. ക്രൈസ്തവര്‍ വളരെയധികം ബഹുമാനത്തോടെയും ഭക്തിയോടെയും കാണുന്ന അന്ത്യത്താഴ ചിത്രത്തെയും കത്തോലിക്കാ അടയാളങ്ങളെയും പരിശുദ്ധ കന്യകാമറിയത്തെയും കന്യാസ്ത്രീകളെയും വളരെ വികലമായി ചിത്രീകരിച്ചിരിക്കുന്ന ചില സിനിമകള്‍ മലയാളത്തില്‍ തുടര്‍ച്ചയായി ഇറങ്ങുന്നുണ്ട്.

ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്നുപറഞ്ഞ് ക്രൈസ്തവ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വികലമാക്കുന്ന വിഷയങ്ങള്‍ പ്രമേയമാക്കി കുറെ സിനിമകള്‍ ഇറക്കുന്നതില്‍ മത്സരങ്ങളാണ് നടക്കുന്നത്. കുലീനമായ ഭാരതചരിത്രത്തെ വികലമാക്കുന്ന സിനിമകള്‍ ആഘോഷിക്കപ്പെടുന്നത് ഇല്ലാതാക്കണം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന സിനിമകള്‍ ഒരിക്കലും പ്രദര്‍ശിക്കപ്പെടരുത്.

 

Latest News