Wednesday, May 14, 2025

നൈജീരിയയിൽ 70-ലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

നൈജീരിയൻ സംസ്ഥാനമായ ബെന്യൂവിൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നടന്ന ക്രൂരമായ ആക്രമണങ്ങളിൽ 70-ലധികം നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അക്രമികൾ പ്രാദേശിക കൊള്ളക്കാരുടെ സഹായത്തോടെ ഉക്കും ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ക്രിസ്ത്യൻ ഗ്രാമമായ അയതി ആക്രമിക്കുകയും 74 പേരെയെങ്കിലും കൊലപ്പെടുത്തുകയും ചെയ്തു. ആഗസ്റ്റ് എട്ടാം തീയതിയാണ് ഈ ആക്രമണം നടന്നതെന്ന് നൈജീരിയൻ പത്രമായ ദി സൺ റിപ്പോർട്ട് ചെയ്തു.

സമീപവർഷങ്ങളിൽ, ഇവിടുത്തെ ക്രിസ്ത്യൻ പ്രദേശങ്ങൾ, പ്രധാനമായും മുസ്ലീം ഫുലാനി വംശീയവിഭാഗത്തിൽപ്പെട്ട തീവ്രവാദികളുടെ ആക്രമണങ്ങളാലും ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റിന്റെ പശ്ചിമാഫ്രിക്കൻ പ്രവിശ്യ തുടങ്ങിയ ഇസ്ലാമിക തീവ്രവാദികളിൽനിന്നും കൂടുതൽ ആക്രമണങ്ങൾ നേരിടുകയാണ്. കഴിഞ്ഞ ഒന്നര ദശകത്തിനിടയിൽ ഡസൻകണക്കിന് കത്തോലിക്കാ പുരോഹിതർ ഉൾപ്പെടെ 50,000-ത്തിലധികം ക്രിസ്ത്യാനികളാണ് തീവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

‘ദ സൺ’ പറയുന്നതനുസരിച്ച്, കന്നുകാലികളെ മേയ്ക്കാൻ കൃഷിഭൂമിയിലേക്കു പ്രവേശിക്കുന്നതിന് ഫുലാനി തീവ്രവാദികൾ കൊള്ളക്കാർക്ക് പണം നൽകി. എന്നാൽ, ക്രിസ്ത്യൻ ഗ്രാമവാസികൾ അവരെ പോകാൻ നിർബന്ധിച്ചതിനെ തുടർന്ന്, കൂട്ടക്കൊല നടത്താൻ തീവ്രവാദികൾ തീരുമാനിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് കാണാതായവർക്കായി സമൂഹം ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ടെന്നും മരണസംഖ്യ, നിലവിൽ റിപ്പോർട്ട് ചെയ്തതിനെക്കാൾ കൂടുതലായിരിക്കാമെന്നും ലേഖനം കുറിക്കുന്നു.

ആഗസ്റ്റ് 15-നു നടന്ന മറ്റൊരു സംഭവത്തിൽ, എനുഗുവിൽ ഫെഡറേഷൻ ഓഫ് കാത്തലിക് മെഡിക്കൽ ആൻഡ് ഡെന്റൽ സ്റ്റുഡന്റ്സ് സംഘടിപ്പിച്ച കോൺഫറൻസിലേക്കു പോകുന്നതിനിടെ ബെന്യൂ സ്റ്റേറ്റിൽ 20 നൈജീരിയൻ മെഡിക്കൽ അസോസിയേഷൻ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഈ വിഷയത്തിന്റെ അടിയന്തരാവസ്ഥയും ഈ യുവവിദ്യാർഥികളുടെ ജീവന് ഉണ്ടായേക്കാവുന്ന അപകടസാധ്യതകളും കണക്കിലെടുത്ത്, അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥർ.

റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വക്താവ് നഥാൻ ബെർക്ക്‌ലി ക്രിസ്ത്യാനികൾക്ക് ഏറ്റവും അപകടകരമായ രാജ്യമായി നൈജീരിയയെ ചൂണ്ടിക്കാണിക്കുന്നു. “2022-ൽ അയ്യായിരത്തിലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും മൂവായിരത്തിലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. 2023-ൽ 8,000 നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. നൈജീരിയയിൽ ക്രിസ്ത്യാനികൾ നിരന്തരം ഭീഷണിപ്പെടുത്തലിനും തട്ടിക്കൊണ്ടുപോകലിനും കൊലപാതകങ്ങൾക്കും വിധേയരാകുന്നു. പ്രദേശം വിട്ടുപോകാൻ അവരെ നിർബന്ധിക്കുന്നതിനായി അവരുടെ ഭൂമി തട്ടിയെടുക്കുന്നതുൾപ്പെടെയുള്ള അക്രമണങ്ങളാണ് നടക്കുന്നത്” – ബെർക്ക്‌ലി വെളിപ്പെടുത്തുന്നു.

Latest News