കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. ഭേദഗതി പ്രകാരം ഇനി സിംഗിള്‍ പാരന്റിനും അവിവാഹിതരായവര്‍ക്കും കുട്ടികളെ ദത്തെടുക്കുന്നതിനു തടസമില്ല. പുറമെ പങ്കാളി മരിച്ചവര്‍ക്കും ,വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും രണ്ട് വര്‍ഷത്തെ പരിചരണത്തിന് ശേഷം കുട്ടികളെ ദത്തെടുക്കാനുള്ള അനുമതിയും പുതിയ നിയമത്തില്‍ പറയുന്നു. ലിംഗഭേദമന്യേ ആണ്‍കുട്ടിയെയോ പെണ്‍കുട്ടിയെയോ സിംഗിള്‍ പാരന്റായ സ്ത്രീക്ക് ദത്തെടുക്കാന്‍ സാധിക്കും.
പുരുഷന് ആണ്‍കുട്ടിയെ മാത്രമാണ് ദത്തെടുക്കാന്‍ സാധിക്കുക. 2016ലെ ഫോസ്റ്റര്‍ കെയര്‍ നിയമങ്ങള്‍ അനുസരിച്ച് നിയമപരമായി വിവാഹം കഴിച്ച ദമ്പതികള്‍ക്ക് മാത്രമായിരുന്നു ദത്തെടുക്കാന്‍ അനുവാദമുണ്ടായിരുന്നത്. പരിചരണ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി ഭേദഗതി ചെയ്തിട്ടുണ്ട്. മക്കള്‍ ഉള്ളവര്‍ക്കും ഇനി ദത്തു നല്‍കുന്നതിന് വിലക്കില്ല. 2021ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) നിയമഭേദഗതി, 2022ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ഭേദഗതി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ നടപടി.
വിവാഹിതരായവരില്‍ രണ്ട് വര്‍ഷമെങ്കിലും സുസ്ഥിരമായ ദാമ്പത്യം നയിച്ചവര്‍ക്ക് മാത്രമാണ് നിലവില്‍ ദത്തെടുക്കലിന് അനുമതി ലഭിക്കുക. കൂടാതെ മുന്‍ ചട്ടങ്ങളില്‍ ദമ്പതിമാര്‍ക്ക് രണ്ടുപേര്‍ക്കും 35 വയസ്സ് തികയണമെന്നും നിബന്ധന ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ചട്ടപ്രകാരം ദമ്പതിമാര്‍ക്ക് രണ്ട് പേര്‍ക്കും കൂടി 70 വയസ്സ് പൂര്‍ത്തിയായാല്‍ മതിയാകും. 6-12 വയസ്സുവരെയുള്ള കുട്ടികളെയും 12-18 വരെ പ്രായമുള്ളവരെയുമാണ് ദത്തെടുക്കാന്‍ സാധിക്കുക.6-12 വയസ്സ് വരെയുള്ള കുട്ടികളെ ദത്തെടുക്കുന്നതിനുള്ള രക്ഷിതാവിന്റെ പരമാവധി പ്രായം 55 വയസ്സാണ്. 12-18 വരെ പ്രായക്കാരെ ദത്തെടുക്കുന്നതിന് 60 വയസ്സാണ് പ്രായ പരിധി.