Sunday, November 24, 2024

സീറോമലബാര്‍ സഭാ അസംബ്ലിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസകളുമായി വത്തിക്കാന്‍ സ്ഥാനപതി

സീറോമലബാര്‍ സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനസന്ദേശത്തിലാണ് മാര്‍പാപ്പയുടെ പ്രാര്‍ഥനാശംസകള്‍ ഇന്ത്യയിലെ അപ്പസ്തോലിക്ക് ന്യൂണ്‍ഷോ അസംബ്ലി അംഗങ്ങളെ നേരിട്ട് അറിയിച്ചത്.

അസംബ്ലിയുടെ മാര്‍ഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുവിശേഷവല്‍ക്കരണത്തില്‍ നേരിടുന്ന വെല്ലുവിളികള്‍, പ്രത്യേകിച്ച് കാലികവും സാമൂഹികവുമായ അവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെടണം. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാനദൗത്യമാണ് സുവിശേഷപ്രഘോഷണം. ലോകത്തിന് സുവിശേഷമാതൃകകളാകാന്‍ പുരോഹിതര്‍ക്കും സമര്‍പ്പിതര്‍ക്കുമൊപ്പം അത്മായര്‍ക്കും പ്രസക്തമായ പങ്കുണ്ട്. ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച് എല്ലാതുറയില്‍പ്പെട്ട സഭാംഗങ്ങള്‍ക്കും കൃത്യമായ ധാരണകളുണ്ടാകണമെന്നും അപ്രകാരമുള്ള ധാരണകളെ രൂപപ്പെടുത്താനുള്ള വേദിയായി അസംബ്ലി മാറണമെന്നും ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി കൂട്ടിച്ചേര്‍ത്തു.

സഭയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും പ്രഭവസ്ഥാനവും പാരമ്യതയുമാണ് കര്‍ത്താവിന്റെ പെസഹാരഹസ്യത്തിന്റെ ഓര്‍മ്മയായ വിശുദ്ധ കുര്‍ബാന. ഇത് ഐക്യത്തിന്റെ കൂദാശയാണ്. സാര്‍വത്രികസഭയുടെ പൈതൃകമായി ആരാധനക്രമപാരമ്പര്യങ്ങള്‍ സഭയില്‍ വളരുന്നത് ആദരവോടെ കാണുന്നു. കൂടുതല്‍ ഐക്യത്തിനു വഴിതെളിക്കാന്‍ അസംബ്ലിയിലെ ചര്‍ച്ചകള്‍ കാരണമാകട്ടെയെന്നും ആര്‍ച്ച്ബിഷപ് ജിറെല്ലി പ്രത്യാശ പ്രകടിപ്പിച്ചു.

അപ്പസ്തോലിക് ന്യൂണ്‍ഷ്യോയുടെ സാന്നിധ്യത്തിലൂടെ മാര്‍പാപ്പ തന്നെയാണ് അസംബ്ലിയില്‍ സന്നിഹിതനായിരിക്കുന്നതെന്ന് ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ദൈവജനത്തിന്റെ സാമൂഹികജീവിതവും കാലാനുസൃതമായ സുവിശേഷപ്രഘോഷണ മാര്‍ഗങ്ങളും അസംബ്ലി ചര്‍ച്ച ചെയ്യണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ്പ് നിര്‍ദേശിച്ചു.

കാലഘട്ടത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് ഒരുമിച്ചു മുന്നേറാനുള്ള ആഹ്വാനമാണ് അസംബ്ലിയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെയാണ് മുന്നേറ്റമുണ്ടാകേണ്ടതെന്നും കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

സൗമ്യമായ കേരളസമൂഹത്തെ വളര്‍ത്തിയെടുത്തതില്‍ കത്തോലിക്കാ സഭയുടെ പങ്കിനെ അഭിനന്ദിക്കുന്നതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തന്റെ കത്തോലിക്കാവിശ്വാസം എന്നും ഉറക്കെ പറയുന്നതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവരെ വളഞ്ഞിട്ട് അക്രമിക്കുമ്പോള്‍ കത്തോലിക്കാ സഭയ്ക്ക് പ്രബലമായ സാക്ഷ്യം നല്‍കാനുണ്ടെന്ന് ആശംസാ സന്ദേശത്തില്‍ യാക്കോബായ സുറിയാനി സഭ മെട്രോപ്പോലീറ്റന്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സഭകള്‍ തമ്മില്‍ ഐക്യത്തിന്റെ പാതയില്‍ മുന്നേറുന്നത് ശുഭകരവും സുന്ദരവുമാണെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് ചൂണ്ടിക്കാട്ടി.

ആതിഥേയ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതവും പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ കൃതജ്ഞതയും അറിയിച്ചു. അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍, പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, കമ്മിറ്റി സെക്രട്ടറി റവ. ഡോ. ജോജി കല്ലിങ്ങല്‍, മദര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റി എഫ്. സി. സി., ശിവദാസ് ദാനിയേല്‍ നായ്ക്, ബീന ജോഷി, അഡ്വ. സാം സണ്ണി എന്നിവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു.

ഫാ. ഡോ. ആന്റണി വടക്കേകര വി. സി., പി. ആര്‍. ഒ., സീറോമലബാര്‍ സഭ & സെക്രട്ടറി, മാധ്യമ കമ്മീഷന്‍

 

Latest News