Sunday, November 24, 2024

അധികം ചർച്ചയാകാത്ത കസ്റ്റഡി കാലയളവ്

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 187, പോലീസ് അന്വേഷണം 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യങ്ങളെ കുറിച്ചുള്ളതാണ്. 187(2) പ്രകാരമാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിടുന്നത്. പഴയ ക്രിമിനൽ നടപടി ക്രമത്തിൽ വകുപ്പ് 167 (2) പ്രകാരം പരമാവധി പോലീസ് കസ്റ്റഡിയിൽ നൽകാവുന്ന ദിവസങ്ങൾ 15 ആണ്.

എന്നാൽ പുതിയ നിയമത്തിൽ 15 ദിവസത്തിൽ കവിയാത്ത തരത്തിൽ  തടങ്കൽക്കാലയളവിൽ (40/60 ദിവസം)  എപ്പോൾ വേണമെങ്കിലും പോലീസ് കസ്റ്റഡിയിൽ വിടാം. ഫലത്തിൽ നിലവിലുണ്ടായിരുന്ന നിയമത്തിൽ നിന്ന് വ്യത്യസ്തമായി മജിസ്ട്രേറ്റിന് 15 ദിവസം പോലീസ് കസ്റ്റഡിക്ക് ശേഷം ഒരു ദിവസം കഴിഞ്ഞ് വീണ്ടും 15 ദിവസം എന്ന തരത്തിൽ ആദ്യ 40 ദിവസം അല്ലെങ്കിൽ 60 ദിവസം കസ്റ്റഡിയിൽ വിടാനുള്ള അധികാരം ഉപയോഗിക്കാവുന്നതാണ്.

അത്തരത്തിൽ ഉത്തരവിടാൻ ഉള്ള സൗകര്യം ഒരുകാലത്ത് നമ്മുടെ നിയമനിർമ്മാണ സഭകൾ ബോധപൂർവം ഒഴിവാക്കിയിരുന്നതാണ്. കൊളോണിയൽ കാലത്തിൽ നിന്ന് ഭാരതീയ കാലഘട്ടത്തിലേക്ക് വരുന്നതിന്റെ ഭാഗമെന്ന് പറയുന്ന പുതിയ നിയമസഹിതയിൽ മനുഷ്യ സ്വാതന്ത്ര്യത്തിന് കൂടുതൽ കൂച്ചുവിലങ്ങ് വീഴുകയാണ് ചെയ്തിരിക്കുന്നത്.

അഡ്വ. ഷെറി തോമസ്‌

https://niyamadarsi.com/

Latest News