ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിയുടെ സമാപനം കുറിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിലാണ് മേജര്‍ ആര്‍ച്ചുബിഷപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവസമൂഹം വരവേറ്റത്. സംസ്ഥാനചരിത്രത്തില്‍ ഇതിനുമുമ്പ് ക്രൈസ്തവജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഗൗരവമായ പരിശോധനകളോ, പരിഗണനകളോ ഉണ്ടായിരുന്നില്ല എന്നത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ സംബന്ധിച്ച് ഈ കമ്മിഷന്റെ പ്രസക്തി വര്‍ധിപ്പിച്ചു. സീറോമലബാര്‍ സഭ വ്യക്തമായ പഠനങ്ങളുടെയും ശാസ്ത്രീയമായ വിലയിരുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പിന്നാക്കാവസ്ഥ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി കമ്മീഷനു സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന് അഞ്ഞൂറിലധികം നിര്‍ദേശങ്ങളടങ്ങുന്ന ഒരു റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.
2023 മെയ് 18-നു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടുകയോ, നിയമസഭയില്‍ ചര്‍ച്ചയ്ക്കു വയ്ക്കുകയോ, ക്രൈസ്തവസഭകളുമായി ആലോചിച്ച് തുടര്‍നടപടികള്‍ക്ക് തയ്യാറാവുകയോ ചെയ്യാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതു നീതീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ഥവും കാര്യക്ഷമവുമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍ റാഫേല്‍ തട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.