പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വിഘടനവാദികള്‍ ഒരൊറ്റ ദിവസം കൊണ്ട് കൊന്നുതള്ളിയത് 38 നിരപരാധികളെ. പാകിസ്താന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ വിവിധയിടങ്ങളിലായി നടന്ന ആക്രമണപരമ്പരയില്‍ പിന്നില്‍ ബലൂച് ലിബറേഷന്‍ ആര്‍മിയാണ് (ബിഎല്‍എ). പഞ്ചാബില്‍നിന്നെത്തിയ ബസ് ദേശീയപാതയില്‍ തടഞ്ഞുനിര്‍ത്തി, ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച ശേഷം 23 പേരെയാണ് ഭീകരവാദ സംഘം വെടിവച്ചുകൊലപ്പെടുത്തിയത്.
തിരിച്ചടിയെന്നോണം നടത്തിയ നീക്കത്തില്‍ പാകിസ്താന് സേന, 21 തീവ്രവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട്. 14 സുരക്ഷാ ഉദ്യോഗസ്ഥരും ക്ലിയറന്‍സ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിട്ടിട്ടുണ്ട്. വര്‍ഷങ്ങളായി വിഘടനവാദം ശക്തമായ ബലൂചിസ്ഥാനില്‍, പൊലീസ് സ്റ്റേഷന്, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായിട്ടായിരുന്നു സംഭവം.
പ്രവിശ്യാ തലസ്ഥാനത്തെ പാകിസ്താന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ബോലാന്‍ പട്ടണത്തിലെ റെയില്‍ പാലം ഉള്‍പ്പെടെ ബിഎല്‍എ തകര്‍ത്തു. സാധാരണക്കാരെയും നിയമപാലകരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ബലൂചിസ്ഥാനില്‍ നേരത്തെ നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിരുന്നാലും, ഏറ്റവും പുതിയ ആക്രമണങ്ങള്‍ അവയുടെ തോത് വര്‍ധിക്കുന്നതിന്റെ സൂചകമാണെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. ബലൂചിസ്ഥാനില്‍ പ്രവിശ്യയ്ക്ക് പുറത്തുള്ളവര്‍ സുരക്ഷതിരല്ലെന്ന സന്ദേശമാണ് ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച ശേഷം പഞ്ചാബി പ്രവിശ്യയിലുള്ളവരെ മാത്രം തേടിപ്പിച്ച് കൊന്നതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
ബലൂച് വിഘടനവാദ നേതാവായിരുന്ന നവാബ് അക്ബര്‍ ഖാന് ബുട്ടി സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ 18-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ആക്രമണങ്ങള്‍. ബലൂചിസ്ഥാനിലെ വിമത നീക്കങ്ങളെ അമര്‍ച്ച ചെയ്യാന്‍ പാകിസ്താന് സൈന്യം പലപ്പോഴായി നിരപരാധികള്‍ ഉള്‍പ്പെടെയുള്ളവരെ നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോകുകയും എന്‍കൗണ്ടറുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇക്കഴിഞ്ഞ ജനുവരിയില്‍ ബലൂച് ജനത ഇസ്ലാമബാദില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബലൂച് യക്ജഹ്തി കമ്മിറ്റി എന്ന സംഘടനായിരുന്നു പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.