ത്രിപുരയില്‍ ക്ഷേത്രവിഗ്രഹം തകര്‍ന്നതിനെ തുടര്‍ന്ന് വീടുകളും വാഹനങ്ങളും കത്തിച്ച് അക്രമികള്‍. കൈതുര്‍ബാരിയില്‍ കാളി ദേവിയുടെ പ്രതിഷ്ഠ തകര്‍ന്ന നിലയില്‍ കണ്ടതിന് പിന്നാലെയാണ് ആക്രമണം. പടിഞ്ഞാറന്‍ ത്രിപുരയിലെ റാണിര്‍ബസാര്‍ ജില്ലയിലെ 12 വീടുകളും നിരവധി വാഹനങ്ങളുമാണ് ഒരു കൂട്ടം ആളുകള്‍ തീവെച്ച് നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
അക്രമത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആള്‍ക്കൂട്ടത്തെ കണ്ട് ജനങ്ങള്‍ ഓടിക്കൂടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഘര്‍ഷം ലഘൂകരിക്കാന്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് സംഭവ സ്ഥലത്ത് നിയോഗിച്ചിട്ടുള്ളത്. റാണിര്‍ബസാര്‍ ഉള്‍പ്പെടുന്ന ജിരാണിയ സബ്ഡിവിഷനില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചോ അതില്‍ കൂടുതല്‍ ആളുകളോ കൂട്ടം കൂടി നില്‍ക്കരുതെന്നും ഉത്തരവുണ്ട്.
വീടുകള്‍ കത്തിച്ച സംഭവം ആശങ്കയുണ്ടാക്കുന്നുവെന്നും എല്ലാവരും ക്രമസമാധാനം പാലിക്കണമെന്നും തിപ്ര മോത്ത മേധാവി പ്രദ്യോത് കിഷോര്‍ മാണിക്യ ദെബ്ബാര്‍മ പറഞ്ഞു. ‘നമ്മുടെ നാട് പ്രകൃതി ദുരന്തത്തില്‍ വലയുമ്പോള്‍ ചിലര്‍ മതരാഷ്ട്രീയം കളിക്കുന്നു. അക്രമികളെ അവരുടെ വിശ്വാസങ്ങള്‍ കണക്കിലെടുക്കാതെ തന്നെ ശിക്ഷിക്കണം. നിയമം എല്ലാവര്ക്കും ബാധകമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.