രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ബംഗ്ലാദേശില്‍ ധാക്കയിലെ ഇന്ത്യന്‍ വീസ ആപ്ലിക്കേഷന്‍ സെന്ററില്‍ പ്രതിഷേധം. വീസ നടപടികള്‍ക്ക് കാലതാമസം വരുന്നുവെന്ന് ആരോപിച്ചാണ് ഒരു സംഘം പൊടുന്നനെ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും ഉയര്‍ന്നതോടെ ജീവനക്കാരും
പരിഭ്രാന്തരായി. വിഷയം ഇന്ത്യന്‍ ഹൈക്കമ്മീഷന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തി.
തുടര്‍ന്ന് കൂടുതല്‍ പോലീസിനെ വിന്യസിച്ചാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വീസ സെന്ററിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ഇന്ത്യ
ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്പോര്‍ട്ടിനായി എത്തിയവരാണ് പ്രതിഷേധമുണ്ടാക്കിയതെന്നാണ് ബംഗ്ലാദേശ് പോലീസ് പറയുന്നത്. ഇവരുടെ ആപ്ലിക്കേഷനുകള്‍ പ്രോസസിംഗിലാണെന്ന് അറിയിച്ചതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തോടെ ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും അക്രമത്തിലേക്കും നീങ്ങിയിരുന്നു. നിലവില്‍ ഇടക്കാല സര്‍ക്കാരാണ് ഭരണം നടത്തുന്നത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്ത്ഥിസംഘങ്ങളും ചില രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യാ വിരുദ്ധ
വികാരത്തിന് പ്രചരിപ്പിക്കുന്നതിനിടയിലാണ് പ്രതിഷേധം അരങ്ങേറിയത്. ഇതാണ് വീസ സെന്ററിലെ ഉദ്യോഗസ്ഥരെയും ഭീതിയിലാക്കിയത്. നേരത്തെ ഭരണമാറ്റത്തിന് പിന്നാലെ ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ നടന്ന വ്യാപക അക്രമങ്ങളില്‍ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.