യുപിഐ ആപ്പുകളിലൂടെ എളുപ്പത്തില്‍ പണം അയക്കുന്നതുപോലെ, തടസ്സമില്ലാതെ വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഏകീകൃത വായ്പാ പ്ലാറ്റ്‌ഫോം (യുഎല്‍ഐ) കൊണ്ടുവരുന്നു. ഭൂ ഉടമസ്ഥതാ വിവരം, ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് വിവരം എന്നിവ അതിവേഗം വിശകലനം ചെയ്താകും പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുക. വായ്പ എടുക്കുന്നവരുടെ അനുമതിയോടെയാകും വിവരങ്ങള്‍ നല്‍കുക.
രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും (എംഎസ്എംഇ) കര്‍ഷകര്‍ക്കും ചെറുകിട വായ്പ ആവശ്യമുള്ളവര്‍ക്കും യുഎല്‍ഐ ഉപയോഗിക്കാം. വായ്പാസ്ഥാപനങ്ങളില്‍ നേരിട്ട് ചെല്ലാതെ വായ്പ നേടാം. ബംഗളൂരുവില്‍ ‘ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് എമര്‍ജിങ് ടെക്‌നോളജീസ്’ എന്ന വിഷയത്തില്‍ നടന്ന ആഗോള സമ്മേളനത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമീണമേഖലയിലും വായ്പാവിതരണത്തില്‍ ഇത് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.
റിസര്‍വ് ബാങ്ക് 2023 ആഗസ്ത് 17ന് യുഎല്‍ഐ പരീക്ഷിച്ചിരുന്നു. 12 ബാങ്കുകള്‍ പങ്കാളികളായി. 1.6 ലക്ഷംരൂപവരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയും സുരക്ഷിതമല്ലാത്ത എംഎസ്എംഇ വായ്പകളും ഡെയ്റി, വ്യക്തിഗത, ഭവന വായ്പകളും പരീക്ഷണ പദ്ധതിവഴി നല്‍കി. സ്ഥാപനങ്ങള്‍ക്ക് അര്‍ഹരെ വേഗത്തില്‍ കണ്ടെത്തി വായ്പ വിതരണം ചെയ്യാനാകുമെന്നതാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ സവിശേഷത. ഇതിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍മിത ബുദ്ധി അധിഷ്ഠിത സംവിധാനം ഒരുക്കും. റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ്ബാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ച് കൈകാര്യം ചെയ്യുന്നത്. വൈകാതെ നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ കൈമാറിയേക്കുമെന്നാണ് സൂചന.