ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് ഇറാന് തിരിച്ചടിക്കുമെന്ന ആശങ്കയ്ക്കിടെ മകന് കൂടുതല്‍ സുരക്ഷ നല്‍കണമെന്ന് ബെഞ്ചമിന്‍ നെതന്യാഹു. ഫ്ളോറിഡയിലുള്ള മകന് യായിര്‍ നെതന്യാഹുവിന് കൂടുതല്‍ സംരക്ഷണം നല്‍കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം അവസാനം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ഗസ്റ്റ് ഹൗസിലായിരുന്നു ഹനിയ്യ കൊല്ലപ്പെട്ടത്. ഹനിയയുടെ രക്തത്തിന് പകരമായി ഇസ്രായേലിലെ ഉന്നതരായ വ്യക്തികളെ ഇറാന് നോട്ടമിടുന്നുണ്ടെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നെതന്യാഹു ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്ന് ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു.
2023 ഏപ്രില്‍ മുതല്‍ ഫ്ളോറിഡയിലെ മയാമിയിലാണ് 33കാരനായ യായിര്‍ നെതന്യാഹു കഴിയുന്നത്. ഇദ്ദേഹത്തിന്റെ സുരക്ഷാ ചെലവ് നേരത്തെയും ഇസ്രായേലില്‍ വലിയ വിവാദത്തിനിടയാക്കിയിരുന്നു. പ്രതിവര്‍ഷം ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കു മാത്രമായി 25 ലക്ഷം ഇസ്രായേല്‍ ഷെകല്‍(ഏകദേശം 5.72 കോടി രൂപ) ആണു സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവിടുന്നത്. ഓരോ മാസവും രണ്ടു ലക്ഷം ഷെകല്‍(ഏകദേശം 45 ലക്ഷം രൂപ) ആണ് ചെലവാകുന്നത്.
പേഴ്സനല്‍ സെക്യൂരിറ്റി വിഭാഗത്തിലെ ഉപദേശക സമിതിക്കു മുന്നില്‍ നെതന്യാഹുവിന്റെ ഓഫിസ് ചുമതലയുള്ള ഡയരക്ടര്‍ ജനറല്‍ യോസി ഷെല്ലിയാണ് മകന്റെ സുരക്ഷ കൂട്ടാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇറാന് ആക്രമണം തന്നെയാണ് അപേക്ഷയില്‍ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വിദേശത്തുള്ള ഇസ്രായേലികളുടെ സുരക്ഷയുടെ ചുമതലയുള്ള രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന് ബെറ്റിന്റെ സംരക്ഷണത്തിലാണ് യായിര്‍ നെതന്യാഹു.
അതേസമയം യായിറിനെതിരെ നിലവില്‍ പ്രത്യക്ഷമായ ഭീഷണികളൊന്നുമില്ലാത്തതിനാല് സുരക്ഷ വര്‍ധിപ്പിച്ചേക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥന് ഇസ്രായേലി മാധ്യമ ചാനലായ ‘ചാനല്‍ 12’നോട് പറഞ്ഞു. നെതന്യാഹുവിന്റെ ഭാര്യ സാറയുടെയും മറ്റൊരു മകനായ ആവ്നറിന്റെയും സുരക്ഷയും കൂട്ടിയിട്ടുണ്ട്. രണ്ടുപേരും നെതന്യാഹുവിനൊപ്പം ഇസ്രായേലിലാണു കഴിയുന്നത്.