കാനഡയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനൊരുങ്ങുന്നു. അടുത്ത വര്‍ഷം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 2.7 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ വിസ അനുവദിക്കൂവെന്ന് ഓസ്ട്രേലിയ അറിയിച്ചു. കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വരുന്ന ഫെബ്രുവരി ബാച്ചില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഓസ്ട്രേലിയയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ നീക്കം ബാധിക്കും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് നിന്നുള്ള 1.22 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയില്‍ പഠിക്കുന്നുണ്ട്.
കാനഡയും യുഎസും യുകെയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും പോകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വിദേശ രാജ്യമാണ് ഓസ്ട്രേലിയ. ഇവരില്‍ ഭൂരിഭാഗവും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഓസ്ട്രേലിയ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തേക്ക് വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുകയാണ്. 2022 ജൂണില്‍ 5.10 ലക്ഷം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചു. 2023ല്‍ ഇത് 3.75 ലക്ഷമായി കുറഞ്ഞു.
2025 ല്‍ അനുവദിക്കുന്ന 2.7 ലക്ഷം വിസകള്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് രാജ്യങ്ങളും സംസ്ഥാനങ്ങളും തിരിച്ച് നല്‍കാമെന്ന് ഓസ്‌ട്രേലിയയിലെ മൈഗ്രേഷന്‍ ഏജന്റ്‌സ് രജിസ്‌ട്രേഷന്‍ അതോറിറ്റി അംഗം സുനില്‍ ജഗ്ഗി പറഞ്ഞു. കുടിയേറ്റം കുറക്കുന്നതിനായി വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വിസ ഫീസും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജനസംഖ്യാ വളര്‍ച്ചയും തൊഴിലില്ലായ്മയും കാരണം കാനഡയും മറ്റ് രാജ്യങ്ങളും വിദ്യാര്‍ത്ഥികളുടെയും താല്‍ക്കാലിക തൊഴിലാളികളുടെയും എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യക്കാരെ വലിയ തോതില്‍ ബാധിക്കുന്ന നയം സെപ്റ്റംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.