പാക്കിസ്ഥാനില്‍ 12 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധമായി മതപരിവര്‍ത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് മനപൂര്‍വം വൈകിപ്പിച്ചതായും കുടുംബാംഗങ്ങള്‍ പറയുന്നു. ആഗസ്റ്റ് ഒമ്പതിന് പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ ജില്ലയിലെ പട്ടോകി തെഹ്സിലിലെ ഹബീബാബാദ് മാണ്ഡി ഏരിയയിലാണ് സംഭവം.
ഫെയറി ഷൗക്കത്ത് എന്ന കത്തോലിക്കാ പെണ്‍കുട്ടിയെ മുഹമ്മദ് അസദ് എന്നയാള്‍ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടിയുടെ അമ്മയായ പര്‍വീണ്‍ ഷൗക്കത്ത് പറഞ്ഞു. വിധവയും എട്ടു കുട്ടികളുടെ അമ്മയുമാണ് പര്‍വീണ്‍ ഷൗക്കത്ത്. ‘ഫെയറി ഉച്ചകഴിഞ്ഞ് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള ഒരു കടയിലേക്കു പോയിരുന്നു. പക്ഷേ, പിന്നീടവള്‍ വീട്ടിലേക്ക് മടങ്ങിവന്നില്ല. എന്റെ മക്കള്‍ അവളെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, അവരുടെ നിലപാട് സ്വാഗതാര്‍ഹമായിരുന്നില്ല. ഞങ്ങളെ സഹായിക്കുന്നതിനുപകരം അവര്‍ (എഫ്. ഐ. ആര്‍.) മനപൂര്‍വം വൈകിപ്പിച്ചു’ – പര്‍വീണ്‍ പറയുന്നു.
അസദ്, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതു കണ്ടതായി അയല്‍വാസി പിന്നീട് വീട്ടുകാരെ അറിയിച്ചു. ‘പ്രതിയെക്കുറിച്ച് ഞങ്ങള്‍ പൊലീസിനെ അറിയിച്ചു. പക്ഷേ, അപ്പോഴും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല, പകരം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മതം മാറ്റാനും അവളുമായി ഇസ്ലാമിക വിവാഹം നടത്താനും മതിയായ സമയം അസദിനു നല്‍കുകയും ചെയ്തു. ഒടുവില്‍ ആഗസ്റ്റ് പത്തിന് പൊലീസ് എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ മന്ദഗതിയിലാണ്’ – ഈ അമ്മ വേദനയോടെ പറയുന്നു.
ആഗസ്റ്റ് 13-ന് പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ക്ക് ഒരു അജ്ഞാത നമ്പറില്‍നിന്ന് വാട്ട്സ്ആപ്പ് വഴി ഫെയറിയുടെ നിക്കാഹ്നാമ (ഇസ്ലാമിക് വിവാഹ സര്‍ട്ടിഫിക്കറ്റ്) ലഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരു സന്ദേശം ലഭിച്ചു. ഈ സര്‍ട്ടിഫിക്കറ്റ് കണ്ട് പെണ്‍കുട്ടിയുടെ കുടുംബം അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി നടത്തിയ ഈ വിവാഹത്തിനെതിരെ നടപടിയെടുക്കാന്‍ അവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഒടുവില്‍ പ്രതിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.
പെണ്‍കുട്ടിയെ കാണാതായി 20 ദിവസങ്ങള്‍ പിന്നിടുമ്പോഴും അവളെക്കുറിച്ച് യാതൊരു വിവരവുമില്ല. പെണ്‍കുട്ടിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയിലാണ് അവളുടെ വീട്ടുകാര്‍.