Monday, November 25, 2024

രണ്ടാം ലോകമഹായുദ്ധകാലത്ത് നാഗസാക്കിയില്‍ തകര്‍ന്ന ദൈവാലയത്തിന്റെ മണി പുനഃസ്ഥാപിച്ചു

നാഗസാക്കി അണുബോംബ് സ്‌ഫോടനത്തിന്റെ 80-ാം വാര്‍ഷികത്തില്‍, ഉറകാമി കത്തീഡ്രലിന്റെ മണികള്‍ ഒരു നൂറ്റാണ്ടിനിടയില്‍ ആദ്യമായി മുഴങ്ങും. നിലവില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഉറകാമി കത്തീഡ്രലില്‍ മണികള്‍ സംഭാവനയായി നല്‍കുന്നത് ബോംബ് രൂപകല്പന ചെയ്ത മാന്‍ഹട്ടന്‍ പ്രൊജക്ടില്‍ പങ്കെടുത്ത ഒരു വ്യക്തിയുടെ മകനാണ്. യു. എസ്. ധനസഹായത്തോടെയാണ് ഈ മണികള്‍ കത്തീഡ്രലില്‍ സ്ഥാപിക്കപ്പെടുന്നത്.

അണുബോംബ് ആക്രമണത്തില്‍ കത്തീഡ്രല്‍ ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചിരുന്നു. സ്‌ഫോടനത്തിനുശേഷം മതിലുകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. തെക്കന്‍ ഗോപുരത്തിന്റെ മണി, അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയെങ്കിലും വടക്കന്‍ ഗോപുരത്തില്‍നിന്നുള്ള മണി പൂര്‍ണ്ണമായും നശിച്ച നിലയിലായിരുന്നു. വൈകാതെ തെക്കന്‍ ഗോപുരത്തിന്റെ മണി പുനരുദ്ധരിക്കുകയും പിന്നീട് വിശ്വാസികള്‍ക്കായി ദിവസത്തില്‍ മൂന്നുപ്രാവശ്യം മണിമുഴക്കുകയും ചെയ്തുവന്നിരുന്നു. എന്നാലിപ്പോള്‍, നാഗസാക്കിയിലെ കത്തോലിക്കാ അതിരൂപത പുനഃസ്ഥാപിച്ച വടക്കന്‍ ഗോപുരത്തില്‍ പുതിയ മണി സ്ഥാപിക്കാനൊരുങ്ങുകയാണ്.

വില്യംസ് കോളേജിലെ സോഷ്യോളജി പ്രൊഫസറായ ജെയിംസ് നോളന്‍ ജൂനിയറാണ് പുതിയ മണി ദൈവാലയത്തിനു സമ്മാനിക്കുന്നത്. അദ്ദേഹത്തിന്റെ ഈ ശ്രമത്തിനുപിന്നില്‍ യു. എസ്. കത്തോലിക്കരുടെ പിന്തുണയുമുണ്ട്. നോളന്റെ പിതാവ്, ജെയിംസ് നോളന്‍ സീനിയര്‍, അണുബോംബിന്റെ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നിരുന്നു. ആക്രമണത്തിനുശേഷം നാഗസാക്കി സന്ദര്‍ശിച്ച മകന്‍ ആ നാടിന്റെ ദുരവസ്ഥ പിതാവിനെ അറിയിച്ചു. ഒപ്പം ദൈവാലയത്തിന്റെ പുനരുദ്ധാരണത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പ്രചോദിതനാകുകയും ചെയ്തു.

2020-ല്‍, നോളന്‍ ജൂനിയര്‍ നാഗസാക്കിയിലൂടെ സഞ്ചരിക്കുകയും അണുബോംബ് സ്‌ഫോടനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കുകയും ഡോക്ടര്‍മാര്‍ അഭിമുഖീകരിച്ച ധാര്‍മ്മികവും വൈദ്യശാസ്ത്രപരവുമായ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും ചെയ്തു.

തന്റെ നിരീക്ഷണഘട്ടത്തിലുടനീളം ജാപ്പനീസ് കത്തോലിക്കരുമായി അടുത്തിടപെടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആര്‍ച്ച്ബിഷപ്പ് മിച്ചാക്കി നകാമുറയോടൊപ്പം പ്രവര്‍ത്തിച്ച നോളന്‍ ജൂനിയറിന് കത്തീഡ്രലിന്റെ വടക്കന്‍ ഗോപുരത്തിന് അനുയോജ്യമായ ഒരു പുതിയ മണി കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞു. ഇതിന് 66 cm (2.1 ft) ഉയരവും 80 cm (2.6 ft) വ്യാസവും 340 kg (750 lbs) ഭാരവുമുണ്ടായിരുന്നു.

 

Latest News