Tuesday, November 26, 2024

വയനാട് മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം

മുണ്ടക്കൈ- ചൂരല്‍ മല ഉരുള്‍ പൊട്ടല്‍ ദുരന്തം നടന്ന് ഒരു മാസമാകുമ്പോഴും സര്‍ക്കാരിന്റെ അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന് പരാതി. പ്രായമായവരുള്‍പ്പെടെ വീടുകളില്‍ ഉള്ളതിനാല്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധു വീടുകളിലേക്ക് മാറിയവരാണ് പരാതിയുമായി രംഗത്ത് എത്തിയത്.

ഉരുള്‍ പൊട്ടല്‍ മൂലം സര്‍വ്വവും നഷ്ടപ്പെട്ടു ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് 10,000 രൂപയാണ് സര്‍ക്കാര്‍ അടിയന്തിര ധനസഹായമായി നല്‍കുന്നത്. ഇതിനു പുറമെ ജീവനോപാധി നഷ്ടമായ കുടുംബത്തിലെ 18 വയസ്സ് തികഞ്ഞ രണ്ടു പേര്‍ക്ക് പ്രതി ദിനം മുന്നൂറ് രൂപ വീതവും നല്‍കുന്നുണ്ട്. എന്നാല്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധു വീടുകളിലേക്ക് മാറിയവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നാണ് പരാതി. അര്‍ഹരായ നിരവധി പേര്‍ സഹായം ലഭിക്കാതെ ഇപ്പോഴും പുറത്താണെന്നും ഏകോപന കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് ടി. സിദ്ധീഖ് എംഎല്‍ എ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 231 പേരുടെ ജീവനാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞത്. 78 പേര്‍ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവര്‍ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്.എട്ട് കിലോമീറ്ററോളം ദൂരത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.

ദുരിതത്തിലായ നാടിനെ ചേര്‍ത്ത് പിടിക്കാന്‍ നിരവധി കരങ്ങളുണ്ടായിരുന്നു. സഹായം എല്ലായിടത്ത് നിന്നും എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏകോപനം നടന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സന്ദര്‍ശനം നടത്തി. ദുരന്തത്തിലകപ്പെട്ട കുടുംബങ്ങള്‍ ഇന്ന് താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്.

 

Latest News