Tuesday, November 26, 2024

ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ യാത്രകളിലൂടെ ലോകസമാധാനം ആഹ്വാനം ചെയ്യുന്നുവെന്ന് കര്‍ദിനാള്‍ ലൂയിസ് അന്തോണിയൊ ഗോക്കിം തഗ്ലെ

ഫ്രാന്‍സിസ് പാപ്പയുടെ ഇടയസന്ദര്‍ശനം കര്‍ത്താവിന്റെ വിളിക്കുമുന്നിലുള്ള താഴ്മയുടെയും ദൗത്യത്തോടുള്ള വിധേയത്വത്തിന്റെയും പ്രവര്‍ത്തിയാണെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള റോമന്‍ കൂരിയാ വിഭാഗത്തിന്റെ പ്രോ-പ്രീഫെക്ട് ആയ കര്‍ദിനാള്‍ ലൂയിസ് അന്തോണിയൊ ഗോക്കിം തഗ്ലെ. സെപ്റ്റംബര്‍ രണ്ടു മുതല്‍ 13 വരെ ഇന്തോനേഷ്യ, തിമോര്‍, സിംഗപ്പൂര്‍ എന്നീ ഏഷ്യന്‍ നാടുകളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയും സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

അജഗണങ്ങളുടെ പക്കലേക്ക് പാപ്പ നടത്തുന്ന യാത്രകള്‍ സാര്‍വത്രികസഭയ്ക്കു മൊത്തത്തില്‍ സുപ്രധാനമാണെന്നും ലോകത്തില്‍ സമാധാനം കാംക്ഷിക്കുന്നവര്‍ക്കെല്ലാം പ്രിയങ്കരമായിരിക്കുമെന്നും പറഞ്ഞ കര്‍ദിനാള്‍ തഗ്ലെ, ആയാസകരമായ ഈ ദീര്‍ഘയാത്രകളെ പാപ്പ ആശ്ലേഷിക്കുന്നത് വിനയത്തിന്റെ ഒരു പ്രവര്‍ത്തിയായിട്ടാണെന്നു വിശദീകരിച്ചു. ഈ വര്‍ഷം ഡിസംബറില്‍ 88 വയസ്സ് തികയുന്ന ഫ്രാന്‍സിസ് പാപ്പ, ഈ പ്രായത്തിലും ആയാസകരമായ അപ്പസ്‌തോലിക യാത്രകള്‍ തുടരുന്നുവെന്നത് എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ പിതൃതുല്യമായ അടുപ്പത്തിന്റെ തെളിവാണെന്ന് കര്‍ദിനാള്‍ താഗ്ലെ പറഞ്ഞു.

സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കുന്ന ഈ യാത്ര പാപ്പയുടെ 44-ാമത്തെ അപ്പസ്‌തോലിക സന്ദര്‍ശനമാണ്. സെപ്റ്റംബര്‍ മൂന്നു മുതല്‍ ആറു വരെ പാപ്പ, മുസ്ലീം ഭൂരിപക്ഷരാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലായിരിക്കും. ഇവിടെ 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1% മാത്രമാണ് കത്തോലിക്കര്‍; ഇത് 80 ലക്ഷത്തോളം വരും. ആറാം തീയതി ഇന്തോനേഷ്യയില്‍നിന്ന് ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലേക്കു പോകുന്ന പാപ്പ, തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയും വാനിമോയും സന്ദര്‍ശിക്കും. ഒമ്പതാം തീയതി തെക്കുകിഴക്കെ ഏഷ്യന്‍ നാടായ കിഴക്കെ തിമോറിന്റെ തലസ്ഥാനമായ ദിലിയില്‍ എത്തും. 11-ാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പ അന്ന് സിംഗപ്പൂരിലേക്കു പോകും.

അന്നാട്ടിലെ ജനസംഖ്യയില്‍ ഏതാണ്ട് മൂന്നു ശതമാനം മാത്രമാണ് കത്തോലിക്കര്‍. അതായത് നാലു ലക്ഷത്തോളം. 13-ന് പാപ്പ വത്തിക്കാനിലേക്കു മടങ്ങും.

 

Latest News