Saturday, November 23, 2024

ഷംഷാബാദ് രൂപതയുടെ പിതാവായി മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ നിയമിതനായി

ഷംഷാബാദ് രൂപതയുടെ പുതിയ ബിഷപ്പായി മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ നിയമിതനായി. തൃശൂര്‍ അതിരൂപതയിലെ അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകയില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മനക്കൊടി കിഴക്കുംപുറത്ത് പാണേങ്ങാടന്‍ ദേവസിയുടെയും കൊച്ചുത്രേസ്യയുടെയും രണ്ടാമത്തെ മകനായി 1976 മെയ് 13-ന് ഫാ. ആന്റണി പ്രിന്‍സ് ജനിച്ചു. ധര്‍മ്മാരം വിദ്യാക്ഷേത്രം (1998-2001), കല്‍ക്കട്ട സര്‍വകലാശാല (2001-2003), ഇന്ത്യയിലെ ഉജ്ജയിനിലെ റൂഹാലയ മേജര്‍ സെമിനാരി (2003-2007) എന്നിവയിലെ പഠനങ്ങള്‍ക്കും ബിരുദത്തിനുംശേഷം അദിലാബാദ് രൂപതയ്ക്കുവേണ്ടി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 2007 ഏപ്രില്‍ 25-നാണ് ബിഷപ്പ് മാര്‍ ജോസഫ് കുന്നത്തില്‍നിന്ന് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്.

പൗരോഹിത്യ സ്വീകരണത്തിനുശേഷം റോമിലെ ഉര്‍ബാനിയന്‍ സര്‍വകലാശാലയില്‍നിന്ന് ബൈബിള്‍ വിജ്ഞാനത്തില്‍ ഡോക്ടറേറ്റ് നേടി. തിരികെയെത്തിയ അദ്ദേഹം അദിലാബാദ് രൂപത പ്രോട്ടോസിഞ്ചലൂസായും കത്തീഡ്രല്‍ വികാരിയായും സേവനം ചെയ്തു. 2015 ആഗസ്റ്റ് ആറിന് അദിലാബാദിലെ സീറോമലബാര്‍ കത്തോലിക്കാ അതിരൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചു. 2015 ഒക്ടോബര്‍ 29-ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈവെയ്പ്പിലൂടെ ബിഷപ്പായി ചുമതലയേറ്റു.

വിശ്വാസികള്‍ക്കൊപ്പം അവരുടെ ആവശ്യങ്ങളില്‍ ഇറങ്ങിച്ചെന്നുകൊണ്ട് വിനയത്തിന്റെ മാതൃകയാകാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. അഗ്‌നിബാധയില്‍ വീട് നഷ്ടപ്പെട്ട തന്റെ വിശ്വാസികളില്‍ ഒരാള്‍ക്കുവേണ്ടി വീടുപണിയാന്‍ ഇറങ്ങുമ്പോഴും ഒരു ഗ്രോട്ടോ പണിയാന്‍ കല്ലും മണ്ണും ചുമക്കേണ്ടിവന്നപ്പോഴും അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങള്‍ ഒരിക്കലും ഒന്നിനും തടസ്സമായില്ല. ഇപ്പോഴും എളിമയുടെ മാതൃക സ്വന്തം ജീവിതത്തിലൂടെ പകരാന്‍ വിശ്വാസികളിലൊരാളായി നിലകൊള്ളാന്‍ ഈ ഇടയന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കൂടാതെ, മണിപ്പൂര്‍ കലാപം നടന്ന നിമിഷങ്ങളിലും പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. മണിപ്പൂരില്‍ സ്ത്രീകള്‍ക്കുനേരെ നടന്ന ക്രൂരതകളില്‍ നിശ്ശബ്ദത പുലര്‍ത്തിയ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ തുറന്ന കത്തിലൂടെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു.

Latest News