Monday, November 25, 2024

ദൈവദാസൻ യാൻ ഹാവ്ലിക്ക് വാഴ്ത്തപ്പെട്ട പദവിയിലേക്ക്

കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ക്രൈസ്തവ വിശ്വാസത്തെപ്രതി കാരാഗൃഹത്തിലടയ്ക്കപ്പെടുകയും ക്രൂരമായ പീഡനങ്ങൾ അനുഭവിക്കുകയും ചെയ്ത യാൻ ഹാവ്ലിക്കിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നു. ഇന്ന് സ്ലൊവാക്യയിലെ ഷഷ്ടീനിൽ വ്യാകുലമാതാവിന്റെ ബസിലിക്കയിൽവച്ച് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ മർചേല്ലൊ സെമെറാറൊയുടെ മുഖ്യകാർമ്മികത്വത്തിലായിരിക്കും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന തിരുക്കർമ്മങ്ങൾ നടക്കുക.

വിശ്വാസത്തെപ്രതി കാരാഗൃഹത്തിലടയ്ക്കപ്പെടുകയും പീഢനങ്ങളേൽക്കുകയും പിന്നീട് വർഷങ്ങൾനീണ്ട ശിക്ഷ പൂർത്തിയാക്കി പുറത്തുവരികയും ചെയ്ത ദൈവദാസൻ യാൻ ഹാവ്ലിക്കിന്റെ ആരോഗ്യസ്ഥിതി വഷളാകുകയും അകാലത്തിൽ മരണമടയുകയുമായിരുന്നു.

സ്ലൊവാക്യയിലെ വ്വോച്കൊവനീയിൽ 1928 ഫെബ്രുവരി 12-നാണ് ദൈവദാസൻ യാൻ ഹാവ്ലിക്ക് ജനിച്ചത്. 1943-ൽ അദ്ദേഹം വി. വിൻസൻറ് ഡി പോളിന്റെ പ്രേഷിതസമൂഹത്തിൽ ചേർന്നു. എന്നാൽ, കമ്മ്യൂണിസ്റ്റുകാർ പീഡനം അഴിച്ചുവിട്ടതോടെ ആ സമൂഹം അടച്ചുപൂട്ടപ്പെടുകയും രാഷ്ട്രീയ പുനർശിക്ഷണം എന്ന പേരുപറഞ്ഞ് അദ്ദേഹത്തെ സുരക്ഷാധികാരികൾ ഒരിടത്തേക്കു മാറ്റുകയും ചെയ്തു. കഠിനമായ ജോലികളിൽ ഏർപ്പെടേണ്ടിവന്നെങ്കിലും രഹസ്യമായി മതാനുഷ്ഠാനങ്ങൾ തുടർന്ന ദൈവദാസൻ ഹാവ്ലിക്ക് സെമിനാരി അധികാരികളും  വൈദികാർഥികളും അറസ്റ്റു ചെയ്യപ്പെട്ട കൂട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയും 14 വർഷത്തേക്ക് വഞ്ചനാക്കുറ്റത്തിനു ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ, പിന്നീട് ശിക്ഷ പത്തു വർഷമായി ഇളവുചെയ്യപ്പെട്ടു.

എന്നാൽ, തടങ്കലിലെ കഠിനമായ അവസ്ഥ അദ്ദേഹത്തെ രോഗിയാക്കി. പിന്നീട് 1962-ൽ ഒക്ടോബർ 29-ന് കാരാഗൃഹത്തിൽനിന്നു പുറത്തുവന്ന ദൈവദാസൻ യാൻ ഹാവ്ലിക്ക് 1965 ഡിസംബർ 27-ന് സ്കലിത്സായിൽവച്ചു മരണമടഞ്ഞു. 37 വയസ്സായിരുന്നു അദ്ദേഹത്തിനു പ്രായം.

Latest News