ഏറെ പ്രതീക്ഷകളുടെയും കാത്തിരിപ്പുകളുടെയും സുഖം പകരുന്നവയായിരുന്നു ഒരു കാലത്ത് നമ്മെ തേടിയെത്തിയിരുന്നു കത്തുകൾ. ഫോണും ഇന്റർനെറ്റും വരുന്നതിനു മുൻപ് അക്ഷരങ്ങൾ കഥകളും സുഖവിവരങ്ങളും അനുഭവങ്ങളും പങ്കുവച്ചിരുന്നു ഈ കത്തുകളിലൂടെ. തന്റെ പ്രിയപ്പെട്ടവരുടെ വിവരങ്ങളും പേറിയുള്ള കത്തുകൾക്കായി കാത്തിരുന്ന ആളുകളുടെ, നാടിന്റെ, പഴമയുടെ ഓർമ്മ പുതുക്കുകയാണ് ഇന്ന്. സന്തോഷങ്ങളും ദുഖങ്ങളും ഒക്കെയായി എത്തിയത് ആ കത്തെഴുത്ത് സംസ്കാരത്തിന്റെ ഓർമ്മ പുതുക്കയാണ് ഇന്ന് ഈ ലോക കത്തെഴുത്ത് ദിനത്തിലൂടെ.
കത്തുകൾ ശരിക്കും എന്തായിരുന്നു പങ്കുവച്ചത്? എങ്ങനെ ആയിരുന്നു പങ്കുവച്ചത്? ഹൃദയത്തിൽ നിന്ന് ഹൃദയങ്ങളിലേക്ക് ദൂരവും ദിവസങ്ങളും താണ്ടിയെത്തുന്ന കത്തുകൾ. അതായിരുന്നില്ലേ അവ. ഇന്ന് എന്തും ഏതും ഞെടിയിടയിൽ പങ്കുവയ്ക്കുമ്പോൾ ഒരു കാലത്ത് കത്തുകൾ കാത്തിരിപ്പിന്റെ സുഖം പകരുകയായിരുന്നു. അവ ഇന്നത്തേതിനേക്കാൾ തീക്ഷ്ണവും അനുഭവേദ്യവും ആയിരുന്നു എന്ന് പറയാം. കാരണം കാത്തിരിക്കുമ്പോൾ ആകാംഷയും സ്നേഹവും ഒക്കെ കൂടുമല്ലോ.
മരണം, ജനനം, വിശേഷങ്ങൾ, പ്രണയം, വീട്ടുവാർത്തകൾ, യുദ്ധ വിശേഷങ്ങൾ… അങ്ങനെ കത്തുകളിലൂടെ കടന്നു വന്ന, കൈമാറി വന്ന വിശേഷങ്ങൾ അനേകമായിരുന്നു. ദിവസങ്ങളും ദൂരങ്ങളും താണ്ടി എത്തിയ ആ കത്തിനായി ഇന്നും കാത്തിരിക്കുന്ന ഒരു പഴയ തലമുറ നമ്മുടെ വീട്ടകത്തളങ്ങളിൽ ഉണ്ടാകും ഉറപ്പാണ്. അല്ലെങ്കിൽ അവരുടെ പഴയ പെട്ടികളിൽ പ്രിയപ്പെട്ടവരുടെ കൈപ്പടയിൽ തയ്യാറാക്കിയ ഒരു കത്തെങ്കിലും സൂക്ഷിക്കപ്പെട്ടിട്ടുണ്ടാവും. അത് സത്യമാണ്. കാരണം ആ കത്തുകൾ ഒരു കാലത്തെ ജനത്തിന്റെ വികാരമായിരുന്നു.
ശരിക്കും ഇത്തരത്തിൽ കത്തെഴുത്ത് ശീലത്തിന്റെ ഓർമ്മ പുതുക്കുന്നതിനായി ഒരു ദിനം ആരംഭിച്ചത് ഓസ്‌ട്രേലിയൻ എഴുത്തുകാരനും ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ റിച്ചാഡ് സിംകിൻ ആണ്. ഓസ്‌ട്രേലിയയിലെ മഹാന്മാരെന്ന് കണക്കാക്കുന്നവർക്കു ഇടക്ക് അദ്ദേഹം കത്തുകൾ എഴുതുമായിരുന്നു. പലരും മറുപടികളും അദ്ദേഹത്തിന് അയച്ചു. തന്റെ കത്തെഴുത്ത് ശീലം ജീവിത്തെ എങ്ങനെ സ്വാധീനിച്ചെന്ന് പങ്കുവെച്ചുകൊണ്ട് 2014-ൽ റിച്ചാഡ് സിംകിൻ ആണ് കത്തെഴുത്ത് ദിനത്തിന് തുടക്കം കുറിച്ചത്.