ഫ്രാൻസിസ് പാപ്പായുടെ രണ്ടാഴ്ചത്തെ അപ്പസ്തോലിക സന്ദർശനം ഇന്ന് ആരംഭിക്കും. ഇന്തോനേഷ്യ, പപ്പുവാ ന്യൂഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ തുടങ്ങിയ നാലു രാജ്യങ്ങളിലൂടെ പാപ്പ ഈ ദിവസങ്ങളിൽ കടന്നു പോകും. സെപ്റ്റംബർ രണ്ടു മുതൽ 13 വരെ പാപ്പ നടത്തുന്നത് തന്റെ 45-ാമത്തെ വിദേശ അപ്പസ്തോലിക പര്യടനമാണ്.
സെപറ്റംബർ മൂന്നു മുതൽ ആറു വരെ പാപ്പ, ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലായിരിക്കും സന്ദർശനം നടത്തുന്നത്. അവിടെ 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1% മാത്രമാണ് കത്തോലിക്കർ; ഇത് 80 ലക്ഷത്തോളം വരും. ആറാം തീയതി ഇന്തോനേഷ്യയിൽ നിന്ന് ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലേക്കുപോകുന്ന പാപ്പ അന്നാടിന്റെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയും വാനിമോയും സന്ദർശിക്കും. പാപുവ ന്യൂഗിനിയിൽ കത്തോലിക്കർ ജനസംഖ്യയുടെ 32 ശതമാനത്തോളമാണ്. ഒമ്പതാം തീയതി വരെയായിരിക്കും പാപ്പ അവിടെ ചിലവഴിക്കുക.
ഒമ്പതാം തീയതി തെക്കുകിഴക്കെ ഏഷ്യൻ നാടായ കിഴക്കെ തിമോറിന്റെ തലസ്ഥാനമായ ദിലിയിൽ പാപ്പായെത്തും. അന്നാട്ടിൽ കത്തോലിക്കരുടെ സംഖ്യ 10 ലക്ഷത്തോളം വരും. ഇത് ജനസംഖ്യയുടെ 96% ആണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പ അന്ന് സിങ്കപ്പൂറിലേക്കു പോകും. അന്നാട്ടിലെ ജനസംഖ്യയിൽ ഏതാണ്ട് മൂന്നു ശതമാനം മാത്രമാണ് കത്തോലിക്കർ; അതായത് നാല് ലക്ഷത്തോളം. 13-ന് പാപ്പ വത്തിക്കാനിലേക്കു മടങ്ങും.