മുല്ലപ്പെരിയാർ അണക്കെട്ടിൽ വിശദമായ സുരക്ഷാപരിശോധന നടത്താൻ തീരുമാനിച്ച് മുല്ലപ്പെരിയാർ അണക്കെട്ട് മേൽനോട്ട സമിതി.
തിങ്കളാഴ്ച ന്യൂഡൽഹിയിലെ കേന്ദ്ര ജലക്കമ്മിഷൻ ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതിയുടെ പതിനെട്ടാമത് യോഗത്തിലാണ് ഈ തീരുമാനം. ഒപ്പം സുരക്ഷാ പരിശോധന 12 മാസത്തിനുള്ളിൽ പൂർത്തിയാക്കാനും സമിതി നിർദ്ദേശിച്ചു.
13 വർഷങ്ങൾക്ക് ശേഷം ആണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തുന്നത്. കേരളത്തിന്റെ നാളുകളായുള്ള ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന. ഇതിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. രണ്ടുമാസത്തിനകം സുരക്ഷാ പരിശോധനയുടെ വിദഗ്ധസമിതിയിൽ ആരൊക്കെയെന്ന് അറിയാം. ഒപ്പം സമിതിയുടെ പരിഗണനാവിഷയങ്ങൾ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കാനും ഡൽഹിയിൽ ചേർന്ന മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനിച്ചു.
കൂടാതെ അണക്കെട്ടിൽ നടത്തേണ്ട അറ്റകുറ്റ പണികൾ സംബന്ധിച്ച ആവശ്യങ്ങൾ കേരളത്തിന് കൈമാറാൻ സമിതി അധ്യക്ഷൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിഷ്പക്ഷരായ വിദഗ്ദ്ധരടങ്ങുന്ന സംഘമായിരിക്കണം മുല്ലപ്പെരിയാറിൽ സുരക്ഷാപരിശോധന നടത്തേണ്ടത് എന്നാണ് കേരളത്തിന്റെ ആവശ്യം. നിലവിൽ തമിഴ്നാടാണ് വിദഗ്ധ സമിതിയെ നിയമിക്കുന്നത്. ഈ പട്ടിക പരിശോധിച്ച ശേഷം കേരളത്തിന് തങ്ങളുടെ നിലപാട് മേൽനോട്ട സമിതിക്ക് മുമ്പാകെ അവതരിപ്പിക്കാം. ഈ പട്ടിക പരിശോധിച്ച ശേഷം കേരളത്തിന് തങ്ങളുടെ അഭിപ്രായം മേൽനോട്ട സമിതിക്ക് കൈമാറാം. തുടർന്ന് വിദഗ്ധ സമിതി രൂപീകരിച്ച് കൊണ്ടുള്ള വിജ്ഞാപനം സമിതി പുറപ്പെടുവിക്കും.
കാലാവസ്ഥ നിലവിൽ നിരവധി മാറ്റങ്ങൾക്കു വിധേയമായ സാഹചര്യത്തിൽ അണക്കെട്ടിൻ്റെ ഘടനാപരമായ സുരക്ഷയ്ക്ക് പുറമെ ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ സമഗ്രമായി പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.