ഉക്രൈനിലെ മിലിട്ടറി അക്കാദമിയും ആശുപത്രികളും ലക്ഷ്യം വച്ച് റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അൻപതിലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 200 ലധികം പേർക്ക് പരിക്കേറ്റു എന്നും യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ റഷ്യൻ ആക്രമണങ്ങളിലൊന്നാണിത് എന്നും ഉക്രേനിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് മിസൈൽ ആക്രമണം ഉണ്ടായത്.
പോൾട്ടവ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ്റെ പ്രധാന കെട്ടിടത്തിൻ്റെ ഹൃദയഭാഗത്ത് ആണ് മിസൈലുകൾ പതിച്ചത്. “ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുരുങ്ങി. പലരും സ്വയം രക്ഷപ്പെട്ടു”, ഉക്രേനിയൻ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്കി തൻ്റെ ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മരണസംഖ്യ 51 ആയി. പോൾട്ടാവയുടെ ഗവർണർ ഫിലിപ്പ് പ്രോനിൻ ടെലിഗ്രാമിൽ 219 പേർക്ക് പരിക്കേറ്റതായി അറിയിച്ചു. 18 പേരെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആക്രമണം പ്രദേശത്തിനും മുഴുവൻ ഉക്രൈനും “വലിയ ദുരന്തം” ആണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു.
കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഡ്രോൺ ഓപ്പറേഷൻ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന അക്കാദമിക്ക് നേരെയായിരുന്നു റഷ്യയുടെ ആക്രമണം. വ്യോമാക്രമണ മുന്നറിയിപ്പ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മിസൈലുകൾ പതിച്ചത്. നിരവധി ആളുകൾ ബോംബ് ഷെൽട്ടറിലേക്ക് പോകുന്നതിനിടയിൽ കൊല്ലപ്പെടുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 25 പേരെ രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും ചേർന്നു രക്ഷപെടുത്തി.
പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക സഹായം വേഗത്തിൽ വിതരണം ചെയ്യണമെന്ന് ഉക്രെയ്നിൻ്റെ പാശ്ചാത്യ പങ്കാളികളോട് സെലെൻസ്കി വീണ്ടും അഭ്യർത്ഥിച്ചു. സഹായ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മന്ദഗതിയിലായതിന് യുഎസിനെയും യൂറോപ്യൻ രാജ്യങ്ങളെയും അദ്ദേഹം മുമ്പ് വിമർശിച്ചിട്ടുണ്ട്.