പാക്കിസ്ഥാനില്‍ മാധ്യമങ്ങള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന്, ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തില്‍ പാകിസ്ഥാന്‍ ഫെഡറല്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് ഷെഹ്ബാസ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
പത്രപ്രവര്‍ത്തന മേഖലയ്ക്ക് ഏറ്റവും അപകടകരമായ അഞ്ചാമത്തെ സ്ഥലമായി പാകിസ്ഥാന്‍ സ്ഥാനം പിടിച്ചതിന് പിന്നാലെയാണിത്. 1990 നും 2020 നും ഇടയില്‍ രാജ്യത്ത് 138 മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരായ ആക്രമണത്തിന് ഇരയായവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിലും പാകിസ്ഥാന്‍ തുടരുന്നു.
തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍, PFUJ പ്രസിഡന്റ് ഷഹ്സാദ സുല്‍ഫിക്കറും സെക്രട്ടറി ജനറല്‍ നാസിര്‍ സെയ്ദിയും, പത്രസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യത്തിന് അടിവരയിട്ടു പ്രസ്താവിച്ചു. ‘പത്രസ്വാതന്ത്ര്യം വികസിതവും ആരോഗ്യകരവുമായ ഏതൊരു സമൂഹത്തിന്റെയും മുഖമുദ്രയാണ്, അതില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല’. പ്രസ്താവനയില്‍ പറയുന്നു.
‘കുറഞ്ഞത് ഒമ്പത് കേസുകളിലെങ്കിലും, ആക്രമണം, നിര്‍ബന്ധിത തിരോധാനങ്ങള്‍, കൊലപാതകം അല്ലെങ്കില്‍ പരസ്യമായ സെന്‍സര്‍ഷിപ്പ് എന്നിവയുടെ രൂപത്തില്‍ മാധ്യമപ്രവര്‍ത്തകരെ മൊത്തത്തില്‍ ഭീഷണിപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്തു’. പാക്കിസ്ഥാനിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് PFUJ പറഞ്ഞു.
രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കഴിയുന്ന ഒരു മാര്‍ഗം ആവിഷ്‌കരിക്കുന്നതിന് ബന്ധപ്പെട്ടവരുമായി സംവാദം നടത്തണമെന്നും മാധ്യമസ്വാതന്ത്ര്യത്തിനുള്ള അന്തരീക്ഷം സര്‍ക്കാര്‍ ഉടനടി സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രസ്താവന ഉപസംഹരിക്കുന്നത്.