ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു. 180 രാജ്യങ്ങളുടെ പട്ടികയില്‍ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യ 150-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. എട്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനില്‍ക്കുന്ന ഇന്ത്യയുടെ കൂടെ അയല്‍രാജ്യങ്ങളായ മ്യാന്‍മര്‍ (176), ചൈന (175), പാക്കിസ്ഥാന്‍ (157), ശ്രീലങ്ക (146), ബംഗ്ലാദേശ് (162) എന്നിവയുമുണ്ട്. നോര്‍വേ, ഡെന്മാര്‍ക്ക്, സ്വീഡന്‍ എന്നിവയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏറ്റവും താഴെ ഉത്തര കൊറിയ. തൊട്ടു മുകളില്‍ എറിട്രിയ(179), ഇറാന്‍ (178), തുര്‍ക്ക്‌മെനിസ്ഥാന്‍ (177) എന്നിവയുമാണ്.
വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവുമാണ് പ്രധാനമായും റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് പരിഗണിച്ചത്. ഇന്ത്യയിലെ 70 ശതമാനത്തോളം മാധ്യമങ്ങളേയും മുകേഷ് അംബാനി അടക്കമുള്ള ഭരണകൂടത്തോട് അടുപ്പമുള്ള കോര്‍പറേറ്റുകളാണ് നിയന്ത്രിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.