ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ സാംസ്‌കാരിക വകുപ്പ് തയാറാക്കിയ കരട് നിര്‍ദേശങ്ങള്‍ പുറത്ത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തും, ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കും എന്നിങ്ങനെയാണ് കമ്മറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇന്നത്തെ യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കും.
സിനിമാ മേഖലയില്‍ സമഗ്ര നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സാംസ്‌കാരിക വകുപ്പ് നിര്‍ദേശിക്കുന്നു. സിനിമ മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കും, ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം, സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കരുത്, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങള്‍ ഒരുക്കരുത്, സിനിമ ജോലികളില്‍ വ്യക്തമായ കരാര്‍ വ്യവസ്ഥ നിര്‍ബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് കരട് നിര്‍ദേശങ്ങള്‍.
അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി സാംസ്‌കാരിക മന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന് ചേരും. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്ന മന്ത്രി പി രാജീവിന്റെ പരാമര്‍ശത്തിനെതിരെ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പ്രതിഷേധം അറിയിക്കാനാണ് സാധ്യത.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വര്‍ഷം മുമ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ തുടര്‍ചര്‍ച്ചയല്ല വേണ്ടത്, നിയമം കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്നാണ് ഡബ്ല്യുസിസി നിലപാട്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ ദേശീയ വനിതാ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.