Tuesday, November 26, 2024

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം

യുക്രെയ്നിലെ യുദ്ധത്തെ തുടര്‍ന്ന്, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കാനും രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ, സ്വിഫ്റ്റ് ഇന്റര്‍നാഷണല്‍ പേയ്മെന്റ് നെറ്റ്വര്‍ക്കില്‍ നിന്ന് നീക്കം ചെയ്യാനും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശിച്ചു.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ബുധനാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനിടെ നടപടികളുടെ പുതിയ പാക്കേജ് പുറത്തിറക്കി.

‘ഞങ്ങള്‍ ഇപ്പോള്‍ റഷ്യന്‍ എണ്ണ നിരോധനം നിര്‍ദ്ദേശിക്കുന്നു. ഇത് എളുപ്പമല്ല. പക്ഷേ ഞങ്ങള്‍ അതില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന്, നമ്മുടെ സ്വന്തം സമ്പദ്വ്യവസ്ഥയിലെ ആഘാതം കുറയ്ക്കുന്നതിന്, റഷ്യന്‍ എണ്ണ ഇറക്കുമതിയെ ക്രമാനുഗതമായി നിര്‍ത്തലാക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും’. ഉര്‍സുല വോണ്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ എല്ലാ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. എങ്കിലും ഈ നിര്‍ദേശത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തി. യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം സപ്ലൈ ഷോക്ക് ഉണ്ടാക്കുമെന്നും പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുമെന്നും യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഭയന്ന് എണ്ണവില ഇതിനകം 40% വര്‍ദ്ധിച്ചു.

റഷ്യന്‍ കല്‍ക്കരി ഇറക്കുമതി ഘട്ടം ഘട്ടമായി നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇതിനകം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എണ്ണ ഉപരോധത്തില്‍ സമവായത്തിലെത്തുന്നത് ഈ കൂട്ടായ്മയ്ക്ക് വളരെ ബുദ്ധിമുട്ടാണ്. ഹംഗറി അടുത്തിടെ എണ്ണ ഉപരോധത്തിനെതിരായ എതിര്‍പ്പ് ആവര്‍ത്തിച്ചു. സ്ലൊവാക്യയും ഇക്കാര്യത്തില്‍ ഇളവ് തേടുന്നതായാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരാണ് റഷ്യ. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇതിനകം നിരോധിച്ചിട്ടുണ്ട്.

Latest News