കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗോൾകീപ്പേഴ്സ് റിപ്പോർട്ട് 2024 പ്രകാശനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന് എ ഗ്രേഡ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ത്യയിലെ ജനങ്ങളിൽ ചില പോഷകങ്ങളുടെ അളവ് കുറവാണെന്നു സമ്മതിക്കുകയും ആ കുറവ് പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളും പ്രശംസനീയമാണ്. സ്കൂളുകളിലെ ഉച്ചഭക്ഷണവിതരണം പോലുള്ള പദ്ധതികളിലൂടെ മറ്റേതു സർക്കാരിനെക്കാളും ഇന്ത്യ മുന്നിലാണ്” – ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിദ്യാഭ്യാസമേഖലയുമായി അദ്ദേഹം പോഷകാഹാര വിതരണത്തെ താരതമ്യം ചെയ്തു. അത് ബി എന്ന ഗ്രേഡിൽ ഉൾപ്പെടുത്താമെങ്കിലും ഇനിയും നിശ്ചയദാർഢ്യത്തോടെ മുന്നേറിയാൽ വിജയം വരിക്കാനാകുമെന്നും അദ്ദേഹം നിർദേശിച്ചു.
ചെറുപ്പത്തിലെ പോഷകാഹാരക്കുറവ് കാരണം ഒരു കുട്ടിക്ക് അവരുടെ ശാരീരിക കഴിവുകളുടെയും മാനസിക കഴിവുകളുടെയും അടിസ്ഥാനത്തിൽ എത്രമാത്രം നഷ്ടപ്പെടുന്നു എന്നത് അളക്കുന്നതാണ് പോഷകാഹാരക്കുറവിന്റെ ദുരന്തങ്ങളിലൊന്ന്. പോഷകാഹാരക്കുറവിനെ അഭിസംബോധന ചെയ്യുന്നതിലൂടെ, കുട്ടികളുടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കുകയും ദീർഘകാല ശാരീരികവും മാനസികവുമായ വികസനം വർധിപ്പിക്കുകയും ചെയ്യുന്നു എന്ന് ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടി.